ജില്ലയിലെ 15 വിദ്യാഭ്യാസ ഓഫീസുകളില്‍ ഫയല്‍ അദാലത്ത് സംഘടിപ്പിച്ചു. ഇരിങ്ങാലക്കുട ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ സംഘടിപ്പിച്ച അദാലത്ത് മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സോണിയാ ഗിരി ഉദ്ഘാടനം ചെയ്തു. ജില്ലയിലെ 12 ഉപജില്ലാ വിദ്യാഭ്യാസ ഓഫീസുകളിലും 3 ജില്ലാ വിദ്യാഭ്യാസ ഓഫീസുകളിലുമാണ് ഫയല്‍ അദാലത്ത് സംഘടിപ്പിച്ചത്.

വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഓഫീസില്‍ കഴിഞ്ഞ ജനുവരിയില്‍ അദാലത്ത് സംഘടിപ്പിച്ചിരുന്നു. സംസ്ഥാന സര്‍ക്കാരും ജില്ലാ ഭരണകൂടവും ഫയല്‍ തീര്‍പ്പാക്കലിനെ ഗൗരവത്തോടെയാണ് കാണുന്നത്. ഇപ്പോള്‍ ജില്ലയിലെ എല്ലാ സബ് ഓഫീസുകളിലും അദാലത്തുകള്‍ സംഘടിപ്പിക്കുകയാണ്. സബ് ഓഫീസുകളിലെ അദാലത്ത് പൂര്‍ത്തിയാകുന്ന മുറയ്ക്ക് ഉപ ഡയറക്ടര്‍ ഓഫീസില്‍ വീണ്ടും അദാലത്ത് സംഘടിപ്പിക്കുമെന്ന് ഉപഡയറക്ടര്‍ ടി വി മദനമോഹനന്‍ പറഞ്ഞു. തൃശൂര്‍ വിദ്യാഭ്യാസ ജില്ലയിലും വലപ്പാട്, വടക്കാഞ്ചേരി, ചേര്‍പ്പ്, തൃശൂര്‍ ഈസ്റ്റ്, കൊടുങ്ങല്ലൂര്‍ കുന്നംകുളം എന്നീ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസുകളിലും അദാലത്ത് പൂര്‍ത്തിയായി.

മുന്‍സിപ്പല്‍ കൗണ്‍സിലര്‍ അഡ്വ.കെ ആര്‍ വിജയ അധ്യക്ഷയായി.വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അഡ്വ.ജിഷ ജോബി, വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ ടി വി മദനമോഹനന്‍, എച്ച് എം ഫോറം കണ്‍വീനര്‍ ദീപു എം എന്നിവര്‍ സംസാരിച്ചു. ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ (അധികചുമതല)ജസ്റ്റിന്‍ തോമസ് സ്വാഗതവും ജൂനിയര്‍ സൂപ്രണ്ട് വിനിത പി ബി നന്ദിയും പറഞ്ഞു.