തൃശൂർ നഗരത്തെ അക്ഷരാർത്ഥത്തിൽ സാംസ്കാരിക വർണ വൈവിധ്യത്തിൽ മയക്കിയ വിളംബര ഘോഷയാത്രയോടെ സംസ്ഥാന റവന്യൂ കലോത്സവത്തിന് തുടക്കം. അയ്യന്തോൾ കലക്ട്രേറ്റിന്റെ ഏകോപനത്തിൽ തൃശൂർ, ചാലക്കുടി, തലപ്പിള്ളി, കുന്നംകുളം, ചാവക്കാട് മുകുന്ദപുരം, കൊടുങ്ങല്ലൂർ എന്നീ താലൂക്ക് ഓഫീസുകൾക്കൊപ്പം പഞ്ചായത്ത്,
തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ, കുടുംബശ്രീ, ഹരിത കർമ്മ സേന, കേരള യൂത്ത് ഫോഴ്‌സ്, എൻ സി സി, സ്കൗട്ട് അംഗങ്ങൾ, കലക്ട്രേറ്റിലേയും സ്പെഷ്യൽ ഓഫീസിലെയും സർവേ വകുപ്പിലെയും ജീവനക്കാർ, സംസ്ഥാന നിർമ്മിതികേന്ദ്ര ജീവനക്കാർ തുടങ്ങിയവരാണ് ഘോഷയാത്രയിൽ അണിനിരന്നത്. താലൂക്ക് തലത്തിൽ മത്സരാടിസ്ഥാനത്തിലാണ് ഘോഷയാത്ര സംഘടിപ്പിച്ചത്.
കേരളത്തിന്റെ സാംസ്കാരിക പ്രതീകങ്ങളായ കഥകളി, ഭരതനാട്യം, മോഹിനിയാട്ടം, ഓട്ടൻതുള്ളൽ, കളരിപ്പയറ്റ്, തെയ്യം, തിറ, പുലിക്കളി തുടങ്ങിയ വേഷങ്ങൾ ഒന്നിച്ച് അണിനിരന്നത് ഘോഷയാത്രയിൽ കൗതുക കാഴ്ചയായി. താലൂക്ക് അടിസ്ഥാനത്തിൽ പ്രത്യേക നിറമണിഞ്ഞ് കയ്യിൽ പ്ലക്കാർഡുകൾ ഏന്തിയ ജീവനക്കാരോടൊപ്പം ആഘോഷമായി വാദ്യനൃത്ത കലാകാരൻമാരും സന്നദ്ധപ്രവർത്തകരും തൃശൂർ നഗരത്തിൽ തരംഗം തീർത്തു.
ഒപ്പന, കോൽക്കളി, നാസിക് ഡോൾ തുടങ്ങിയ കലാകാഴ്ചകൾക്കൊപ്പം മത സൗഹാർദ്ദ സന്ദേശമുണർത്തുന്ന ദൃശ്യങ്ങളും ഘോഷയാത്രയിൽ ഒരുക്കിയിരുന്നു. വർണാഭമായ പൂക്കാവടികളും മുത്ത്കുടകളും വിവിധ ആശയങ്ങൾ പങ്കുവെക്കുന്ന നിശ്ചലദൃശ്യങ്ങൾക്കൊപ്പം ഘോഷയാത്രയ്ക്ക് പകിട്ടേകി.
ജില്ലയുടെ വിവിധ ഭാഗത്ത് നിന്നും ഘോഷയാത്രയിൽ പങ്കെടുക്കാനെത്തിയവർ
വൈകീട്ട് മൂന്ന് മണിയോടെ വടക്കുംനാഥ ക്ഷേത്രത്തിന്റെ ശ്രീമൂലസ്ഥാനത്തിനും നായ്കനാലിനും ഇടയിൽ സംഘാടകരുടെ നിർദ്ദേശം അനുസരിച് അണിനിരന്നു. നാല് മണിയോടെ നായ്ക്കനാലിൽ നിന്ന് പുറപ്പെട്ട ഘോഷയാത്ര സ്വരാജ് റൗണ്ട് വലം വെച്ച് തേക്കിൻകാട് വിദ്യാർത്ഥി കോർണറിൽ ഒരുക്കിയ കലോത്സവ ഉദ്ഘാടന വേദിയുടെ അങ്കണത്തിൽ പ്രവേശിച്ചു.
റവന്യൂമന്ത്രി കെ രാജനൊപ്പം ജനപ്രതിനിധികളും സാംസ്കാരിക രംഗത്തെ പ്രമുഖരും ഘോഷയാത്രയിൽ പങ്കെടുത്തു. എംഎൽഎമാരായ എ സി മൊയ്തീൻ, എൻ കെ അക്ബർ, മുരളി പെരുന്നെല്ലി , കെ.കെ രാമചന്ദ്രൻ , പി ബാലചന്ദ്രൻ , വി ആർ സുനിൽകുമാർ , ഇ ടി ടൈസൺ മാസ്റ്റർ, സേവ്യർ ചിറ്റിലപ്പിള്ളി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവീസ് മാസ്റ്റർ, ജില്ലാ കലക്ടർ ഹരിത വി കുമാർ തുടങ്ങിയവരും ഘോഷയാത്രയുടെ ഭാഗമായി.