സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ആവേശം ചോരാതെ റവന്യൂ കലോത്സവ വേദിയിലും തിളങ്ങി തൃശൂരിന്റെ ലക്ഷ്മി. തേക്കിന്‍കാട് മൈതാനിയില്‍ അരങ്ങേറിയ വ്യക്തിഗത വനിതാവിഭാഗം നാടോടി നൃത്തമത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയാണ് ലക്ഷ്മി ജില്ലയുടെ അഭിമാനം ഉയര്‍ത്തിയത്. തൃശൂര്‍ കലക്ട്രേറ്റില്‍ ലാന്റ് അക്യുസിഷന്‍ വിഭാഗത്തില്‍ ക്ലര്‍ക്ക് ആയി പ്രവര്‍ത്തിക്കുമ്പോഴും കലയ്ക്ക് വേണ്ടി സമയം കണ്ടെത്തുകയാണ് ലക്ഷ്മി. ചരിത്രം ഉറങ്ങുന്ന തേക്കിന്‍കാടിന്റെ മണ്ണില്‍ മാതൃശാപം ഏറ്റുവാങ്ങിയ കോമരത്തിന്റെ കഥ അവതരിപ്പിച്ചാണ് ഈ 25കാരി മുന്നിലെത്തിയത്.

ഗ്രൂപ്പിനത്തില്‍ തിരുവാതിരക്കളി, സിനിമാറ്റിക് ഡാന്‍സ്, സംഘനൃത്തം തുടങ്ങിയ ഇനങ്ങളിലും ജില്ലയെ പ്രതിനിധീകരിച്ച് മത്സരിക്കും. തൃശൂര്‍, വിയ്യൂര്‍ സ്വദേശിയായ ലക്ഷ്മി 2013ല്‍ മലപ്പുറത്ത് നടന്ന സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തില്‍ സംഘനൃത്തം വിഭാഗത്തില്‍ സംസ്ഥാനതല ജേതാവായിട്ടുണ്ട്. നാല് വയസ് മുതല്‍ ക്ലാസിക്കല്‍ നൃത്തം പരിശീലിക്കുന്ന ലക്ഷ്മി പൂങ്കുന്നത്തുള്ള നടരാജ് കലാമന്ദിരത്തില്‍ രാജലക്ഷ്മി സുരേന്ദ്രന് കീഴിലാണ് നൃത്തം അഭ്യസിക്കുന്നത്.

റവന്യൂ കലോത്സവം പ്രധാന വേദിയായ തേക്കിന്‍കാട് മൈതാനിയില്‍ നടന്ന നാടോടിനൃത്തം മത്സരത്തില്‍ വിവിധ ജില്ലകളില്‍ നിന്നായി 11 മത്സരാര്‍ത്ഥികള്‍ പങ്കെടുത്തു. മത്സരത്തില്‍ രണ്ടാം സ്ഥാനം കാസര്‍കോട് ജില്ലയില്‍ നിന്നുള്ള പി കവിതയും കോട്ടയത്ത് നിന്നുള്ള ദര്‍ശനദാസും പങ്കിട്ടപ്പോള്‍ മൂന്നാം സ്ഥാനത്തിന് എറണാകുളം ജില്ലയില്‍ നിന്നുള്ള ആര്യ വി മേനോനും കൊല്ലം ജില്ലയിലെ പി ജി അനുകൃഷ്ണയും നേടി.