സാംസ്കാരിക തലസ്ഥാനത്തിന്റെ ഹൃദയ ഭൂമികയെ സർഗലഹരിയിൽ നിശ്ചലമാക്കിയ സംസ്ഥാന തല കലോത്സവത്തിനൊടുവിൽ കലാകിരീടം ചൂടി തൃശൂർ ജില്ല. സംസ്ഥാന തലത്തിൽ ആദ്യമായി നടന്ന റവന്യൂ കലോത്സവത്തിലാണ് ജില്ല കിരീടം ചൂടിയത്. അഞ്ച് വേദികളിലായി സംസ്ഥാനമൊട്ടാകെയുള്ള റവന്യൂ ജീവനക്കാർ മാറ്റുരച്ച കലാ-സംഗീത മത്സരങ്ങളിൽ 311 പോയിന്റുകൾ നേടിയാണ് തൃശൂർ ഓവറോൾ കിരീടം നേടിയത്. 215 പോയന്റുമായി കണ്ണൂർ രണ്ടാം സ്ഥാനത്തും 203 പോയന്റുമായി കോട്ടയം മൂന്നാം സ്ഥാനത്തുമാണ്.

കലോത്സവത്തിന്റെ ആദ്യദിനം മുതൽ തൃശൂർ ജില്ലയുടെ ആധിപത്യം പോയിന്റ് പട്ടികയിൽ പ്രകടമായിരുന്നു. മൂന്ന് ദിവസത്തിൽ ഒരിക്കൽ പോലും ഒന്നാം സ്ഥാനത്തിന് ജില്ലയ്ക്ക് എതിരാളികൾ ഉണ്ടായില്ല. ഗ്രൂപ്പിനങ്ങളായ സിനിമാറ്റിക്ക് ഡാൻസ്, മൈം, നാടകം, തിരുവാതിര, നാടോടി നൃത്തം വ്യക്തിഗത ഇനങ്ങളായ ഭരതനാട്യം, മോഹിനിയാട്ടം, മിമിക്രി, മോണോ ആക്ട് തുടങ്ങിയ ഇനങ്ങളിൽ തിളക്കമാർന്ന വിജയമാണ് ജില്ല നേടിയത്.

ഓവറോൾ കിരീടത്തിന് പുറമെ കലാതിലകം, കലാപ്രതിഭ പട്ടങ്ങളും ആതിഥേയ ജില്ല സ്വന്തമാക്കി. കലാതിലകമായി തൃശൂരിന്റെ റോമി ചന്ദ്രമോഹനെയും കലാപ്രതിഭയായി കെ ബി രാധാകൃഷ്ണനെയും തിരഞ്ഞെടുത്തു.

തൃശൂരിൽ മൂന്ന് ദിനങ്ങളിലായി നടന്ന മത്സരത്തിൽ 14 ജില്ലാ ടീമുകളും ഒരു ഹെഡ്‌കോര്‍ട്ടേഴ്‌സ് ടീമും ഉള്‍പ്പെടെ 15 ടീമുകളായിരുന്നു മാറ്റുരച്ചത്. 8 ഗ്രൂപ്പ് ഇനങ്ങള്‍ ഉള്‍പ്പെടെ 39 ഇനങ്ങളിലാണ് മത്സരങ്ങള്‍ നടന്നത്. വാദ്യമേളങ്ങള്‍, നാടന്‍കലാരൂപങ്ങള്‍, നിശ്ചല ദൃശ്യങ്ങള്‍ എന്നിവയുടെ അകമ്പടിയോടെ നടന്ന ഘോഷയാത്രയോടെ തുടക്കം കുറിച്ച റവന്യൂ കലോത്സവം പൂരനഗരിക്ക് വേറിട്ട അനുഭവമായി. ജില്ലാതലത്തില്‍ നടന്ന മത്സരങ്ങളില്‍ ഒന്നാംസ്ഥാനം നേടി വിജയിച്ചവരാണ് സംസ്ഥാനതല കലോത്സവത്തില്‍ മാറ്റുരച്ചത്.

ജില്ലാ കലക്ടര്‍മാര്‍, റവന്യൂ, സര്‍വ്വേ, ഭവനനിര്‍മ്മാണ, ദുരന്തനിവാരണ വകുപ്പ് ജീവനക്കാര്‍ക്ക് എന്നിവര്‍ക്ക് അവരുടെ കഴിവുകള്‍ അവതരിപ്പിക്കാനും പരിപോഷിപ്പിക്കാനും അവസരം നല്‍കുകയും ജോലിത്തിരക്കുകള്‍ക്കും സമ്മര്‍ദ്ദങ്ങള്‍ക്കുമിടയില്‍ അവര്‍ക്ക് മാനസികോല്ലാസം ലഭ്യമാക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് റവന്യൂ കലോത്സവം സംഘടിപ്പിച്ചത്.