അടിമാലി ഗ്രാമപഞ്ചായത്തിന്റെയും ദേവിയാര്‍ കോളനി കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടത്തി വരുന്ന അടിമാലിയുടെ ആരോഗ്യം, ആരോഗ്യ ജാഗ്രത 2022 ന്റെ പഞ്ചായത്ത് തല അവലോകന യോഗം അടിമാലി ഗ്രാമപഞ്ചായത്തില്‍ നടത്തി. മഴക്കാല ആരംഭത്തിലെ പകര്‍ച്ചവ്യാധി പ്രതിരോധത്തിനുള്ള ജാഗ്രതയെന്ന നിലയില്‍ കൂടിയായിരുന്നു അവലോകന യോഗം ചേര്‍ന്നത്. പഞ്ചായത്ത് പരിധിയില്‍ നിലവിലുള്ള സ്ഥിതി വിലയിരുത്തിയതിനൊപ്പം സ്വീകരിക്കേണ്ട ജാഗ്രതാ നടപടികള്‍ സംബന്ധിച്ചും യോഗം തീരുമാനം കൈക്കൊണ്ടതായി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ സി. ഡി ഷാജി പറഞ്ഞു. പകര്‍ച്ചവ്യാധികളുടേതിന് സമാനമായ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ സ്വയം ചികിത്സ പാടില്ലെന്നും പകര്‍ച്ചവ്യാധികള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ആരോഗ്യവകുപ്പിലോ പഞ്ചായത്തിലോ അറിയിക്കണമെന്നും ദേവിയാര്‍ കോളനി കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. ഹരിപ്രസാദ് പറഞ്ഞു. അടിമാലി ഗ്രാമപഞ്ചായത്ത് പരിധിയില്‍ പകര്‍ച്ച വ്യാധി നിയന്ത്രണത്തിനായി ആരോഗ്യ വകുപ്പ് വിവിധ പ്രവര്‍ത്തനങ്ങള്‍ നടത്തിപ്പോരുന്നതായും മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. മണ്ണിലും വെള്ളത്തിലും പണിയെടുക്കുന്നവര്‍ക്കും തൊഴിലുറപ്പ് തൊഴിലാളികള്‍ക്കും ഉള്‍പ്പെടെ എലിപ്പനി പ്രതിരോധ ഗുളിക വിതരണം ചെയ്യാനും രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി അടുത്ത മാസം രണ്ടിന് മേറ്റുമാരുടെ യോഗം വിളിക്കാനും തീരുമാനിച്ചു. കൂടാതെ കുടിവെള്ള ശ്രോതസ്സുകളുടെ കൃത്യമായ ഇടവേളകളിലെ ശുദ്ധീകരണം, ഭവന സന്ദര്‍ശന സ്‌ക്വാഡ് പ്രവര്‍ത്തനം, സ്‌കൂളുകളില്‍ കുട്ടികള്‍ക്കുള്ള ബോധവല്‍ക്കരണം തുടങ്ങിയവയും നടത്തും.

യോഗത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ ചുമതല വഹിക്കുന്ന സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ സൗമ്യ അനില്‍, സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ സി ഡി ഷാജി, ഗ്രാമപഞ്ചായത്തംഗങ്ങളായ അനസ് ഇബ്രാഹിം, മനീഷ് നാരായണന്‍, എം എസ് ചന്ദ്രന്‍, സനിതാ സജി, ജിന്‍സി, മെഡിക്കല്‍ ഓഫീസര്‍ ഡോ. ഹരിപ്രസാദ് റ്റി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഡി സുമേഷ്, ആരോഗ്യവകുപ്പുദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.