കുമളിയില്‍ സംസ്ഥാന വനിത കമ്മിഷന്‍ സിറ്റിങ് നടത്തി. സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ ഗൗരവത്തോടെയാണ് കമ്മീഷന്‍ പരിഗണിക്കുന്നതെന്നും ഉചിതമായ നടപടികള്‍ സ്വീകരിച്ചു വരുന്നുണ്ടെന്നും കമ്മീഷന്‍ അംഗം ഷാഹിദ കമാല്‍ പറഞ്ഞു. കുമളിയിലും പരിസര പ്രദേശങ്ങളിലുമുള്ളവര്‍ക്ക് പ്രത്യേകമായിട്ടാണ് അദാലത്ത് സംഘടിപ്പിച്ചത്. പരാതിക്കാര്‍ക്ക് വന്ന് പോകുന്നതിന് സൗകര്യത്തിനായി ജില്ലയെ നാല് മേഖലകളാക്കി തിരിച്ചാണ് വനിത കമ്മീഷന്‍ സിറ്റിങ് നടത്തുന്നത്.

കുമളി വ്യാപാര ഭവന്‍ ഹാളില്‍ നടത്തിയ സിറ്റിങ്ങില്‍ 35 കേസുകളാണ് പരിഗണിച്ചത്. കുടുംബ പ്രശ്‌നങ്ങള്‍, വസ്തു തര്‍ക്കങ്ങള്‍ തുടങ്ങി വ്യത്യസ്ഥങ്ങളായ പരാതികളുണ്ടായിരുന്നു. ഇതില്‍ വനിത കമ്മീഷന് ഇടപെടാവുന്ന വിഷയങ്ങളിലെ പരാതികള്‍ പരിഹരിച്ചു. കമ്മീഷന് പരിഹരിക്കാന്‍ പറ്റാത്ത പരാതികളുമായി എത്തിയവരെ വ്യക്തമായ നിയമോപദേശം നല്‍കി മടക്കിയയച്ചെന്നും കമ്മീഷന്‍ അംഗം ഷാഹിദ കമാല്‍ പറഞ്ഞു. സിറ്റിങ്ങില്‍ 10 പരാതികള്‍ തീര്‍പ്പാക്കി. 5 പരാതികളില്‍ മറ്റു വകുപ്പുകളുടെ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരം പരാതികള്‍ അടുത്ത സിറ്റിങ്ങിലേക്ക് മാറ്റിവച്ചു.