പത്തനംതിട്ട ജില്ലയിലെ  തുമ്പമണ്‍ ഗ്രാമപഞ്ചായത്ത് നിരവധി പുരസ്‌കാര മികവിലൂടേയും, വികസന പദ്ധതികളിലൂടേയും ജില്ലയില്‍ എന്നും മുന്‍പന്തിയില്‍ നില്‍ക്കുന്ന പഞ്ചായത്താണ്. ഖര മാലിന്യ സംസ്‌ക്കരണത്തില്‍ ജില്ലയില്‍ മാതൃകാപരമായി നേട്ടമാണ് ഗ്രാമപഞ്ചായത്ത് കൈവരിച്ചത്. ആയതിന്റെ ഭാഗമായി 2021 ല്‍  ഖര മാലിന്യ സംസ്‌ക്കരണത്തിലെ മികവിനു തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ നവകേരള പുരസ്‌കാരം ഏറ്റുവാങ്ങാനായി. അജൈവമാലിന്യങ്ങള്‍ ശേഖരിക്കുന്നതിനായി ഹരിതകര്‍മ്മ സേന മികച്ച രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്. കോവിഡ് സമയത്ത് പോലും ഹരിതകര്‍മ്മസേന മികച്ച പ്രവര്‍ത്തനങ്ങളുമായി മുന്നിട്ട് നിന്നു. വീടുകളില്‍ നിന്ന് ശേഖരിക്കുന്ന മാലിന്യങ്ങള്‍ മിനി എംസിഎഫിലും എംസിഎഫിലും എത്തിച്ച് മികച്ച രീതിയില്‍ തരംതിരിച്ചാണ് ക്ലീന്‍ കേരള കമ്പനിക്ക് കൈമാറിയത്. ഇതിലൂടെ മികച്ച വരുമാനം സേനാംഗങ്ങള്‍ക്ക് ലഭിക്കുകയും ചെയ്യു. മാത്രമല്ല, പ്രളയസമയത്ത് അടിഞ്ഞു കൂടിയ മാലിന്യങ്ങള്‍ ജനപ്രതിനിധികളുടെ നേതൃത്വത്തിലാണ് ശേഖരിച്ച് തരംതിരിച്ചത്.എല്ലാ വാര്‍ഡുകളിലേയും മാലിന്യ ശേഖരണത്തിനായി മിനി എംസിഎഫുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

തുമ്പമണ്‍ ഗ്രാമപഞ്ചായത്ത് 2021-22 സാമ്പത്തിക വര്‍ഷം  100 ശതമാനം തുക ഇനത്തില്‍ ചെലവഴിക്കുന്നതിനും പിരിച്ചെടുക്കുന്നതിനും കഴിഞ്ഞു. വളരെയധികം വെല്ലുവിളിക്കള്‍ക്കിടയിലും  ആകെ പദ്ധതി ചെലവ് 100 ശതമാനം കൈവരിക്കുന്നതിനും അതോടൊപ്പം നികുതി, നികുതിയേതര വരുമാനങ്ങളിലും 100 ശതമാനം പിരിവ് കൈവരിക്കുന്നതിന് സാധിച്ചു.വികസന ഫണ്ട് പൊതു വിഭാഗം , എസ് സി ഫണ്ട് എന്നിവയുടെ വിനിയോഗത്തിലും 100 ശതമാനം , 15-ാം ധനകാര്യകമ്മീഷന്‍ 100 ശതമാനവും ചെലവഴിച്ചിട്ടുണ്ട്.ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി എസ്സി വിഭാഗത്തിലുള്ള പതിനഞ്ച് പേര്‍ക്കുള്ള ഭവനനിര്‍മാണം നടത്തി. ജനകീയ ഹോട്ടല്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നു. കോവിഡ് സമയത്ത് രോഗികള്‍ക്കും അശരണര്‍ക്കും ആഹാരം സൗജന്യമായി നല്‍കി.

ഭൂരിഭാഗം വീടുകളിലും വാട്ടര്‍ കണക്ഷന്‍ എത്തിച്ചു

തുമ്പമണ്‍ ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം കുടിവെള്ളത്തിന്റെ ദൗര്‍ലഭ്യം രൂക്ഷമായിരുന്നു. ജലജീവന്‍ മിഷനിലുള്‍പ്പെടുത്തി പഞ്ചായത്തിലെ ഭൂരിഭാഗം വീടുകളിലും വാട്ടര്‍ കണക്ഷന്‍ എത്തിച്ചു. ബാക്കിയുള്ള വീടുകളിലേക്ക് വാട്ടര്‍ കണക്ഷന്‍ നല്‍കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തീകരിച്ചു വരികയാണ്. തുമ്പൂര്‍മൂഴി വേസ്റ്റ് കമ്പോസ്റ്റ് എന്ന ആശയത്തിന് മികച്ച സ്വീകാര്യതയാണ് പഞ്ചായത്തില്‍ ലഭിച്ചത്. ജനകീയ ഹോട്ടലിന് അടുത്ത് സ്ഥാപിച്ച കമ്പോസ്റ്റ് ബിന്നിലൂടെ ശേഖരിക്കുന്ന മാലിന്യം വളമാക്കി കര്‍ഷകര്‍ക്ക് നല്‍കുകയാണ്. വിദ്യാര്‍ത്ഥിക്കള്‍ക്ക് വേണ്ടി എംജിഹയര്‍ സെക്കണ്ടറി സ്‌കൂളില്‍  തുമ്പൂര്‍മുഴി കമ്പോസ്റ്റ് യൂണിറ്റി സ്ഥാപിക്കുകയും ചെയ്തു. പ്രകൃതിഭംഗിയുട ദൃശ്യചാരുതയുള്ള മുഴുക്കൂര്‍ചാലിനെ അടിസ്ഥാനമാക്കി  ഇക്കോടൂറിസം വികസനം കൈവരിക്കാന്‍ തയാറെടുക്കുകയാണ് തുമ്പമണ്‍ ഗ്രാമപഞ്ചായത്ത്.