വണ്ടിപ്പെരിയാർ പ്രാഥമികാരോഗ്യകേന്ദ്രത്തിലെ നവീകരിച്ച ഒ.പി, ലാബ് കെട്ടിടം അഴുത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പിഎം നൗഷാദ് ഉദ്ഘാടനം ചെയ്തു. അഴുത ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ഭരണ സമിതിയുടെ കാലഘട്ടത്തിലാണ് 3 നില കെട്ടിട നിർമ്മാണം പൂർത്തീകരിച്ചത്. എന്നാൽ സാങ്കേതിക കാരണങ്ങളാൽ കെട്ടിടത്തിന്റെ ഉദ്ഘാടനം നടത്തുവാൻ സാധിച്ചിരുന്നില്ല. പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഒ.പി, ലാബ് സൗകര്യക്കുറവ് പരിഹരിക്കുന്നതിനായി ഈ കെട്ടിടത്തിലേക്ക് ഒ.പി വിഭാഗം പ്രവർത്തനമാരംഭിക്കുവാൻ തീരുമാനിക്കുകയായിരുന്നു. തുടർന്ന് നവീകരണ പ്രവർത്തനങ്ങൾ നടത്തി ഒ.പി, ലാബ് സൗകര്യങ്ങൾ ഒരുക്കി.
ലാബിന്റെ ഉദ്ഘാടനം അഴുത ബ്ലോക്ക് പഞ്ചായത്തംഗം ഷാജി പൈനാടത്ത് നിർവ്വഹിച്ചു. മോർച്ചറിക്കായി വാങ്ങിയ ജനറേറ്ററിന്റെ ഉദ്ഘാടനം വണ്ടിപ്പെരിയാർ ഗ്രാമപഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ കെ.ഡി അജിത് നിർവ്വഹിച്ചു. മെഡിക്കൽ ഓഫീസർ ഡോ. ഡോൺ ബോസ്കോ, ഡോ. സുരേഷ്ബാബു, ഡോ. ലിന്റോ, ഹെൽത്ത് ഇൻസ്പെക്ടർ മഞ്ചു തുടങ്ങിയവർ പങ്കെടുത്തു.