ഭിന്നശേഷിയുള്ള യുവതികൾക്കും ഭിന്നശേഷിയുള്ളവരുടെ പെൺമക്കൾക്കും വിവാഹ ചെലവിനായി ‘പരിണയം’
ഭിന്നശേഷിയുള്ള വനിതകൾക്കും ഭിന്നശേഷിയുള്ള മാതാപിതാക്കളുടെ പെണ്മക്കൾക്കും നിയമാനുസൃത വിവാഹം നടത്താനുള്ള ചെലവിന് ധനസഹായം നൽകുന്ന പദ്ധതിയാണ് പരിണയം. ഗുണഭോക്താക്കൾക്ക് 30,000 രൂപയാണ് സഹായം ലഭിക്കുക. ഇതുവഴി 2021-22 സാമ്പത്തികവർഷത്തിൽ ആകെ 1090 പേർക്കാണ് വിവാഹ ധനസഹായം ലഭിച്ചത്.
ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള ഭിന്നശേഷിയുള്ളവരുടെ പെണ്മക്കൾ, ഭിന്നശേഷിയുള്ള യുവതികൾ, പുനർവിവാഹിതരാകുന്ന ഭിന്നശേഷിക്കാരായ സ്ത്രീകൾ എന്നിവർക്ക് പരിണയം പദ്ധതി വഴി വിവാഹ ധനസഹായം ലഭിക്കും. കുടുംബ വാർഷികവരുമാനം ഒരു ലക്ഷം രൂപയിൽ താഴെയായിരിക്കണമെന്ന് നിബന്ധനയുണ്ട്. വിവാഹ ധനസഹായത്തിന് അപേക്ഷിക്കുന്നവർ വിവാഹത്തീയതിക്ക് ഒരു മാസം മുൻപ് ജില്ലാ സാമൂഹികനീതി ഓഫിസർക്ക് അപേക്ഷിക്കണം.
ഭിന്നശേഷിക്കാരായ മാതാപിതാക്കൾക്ക് രണ്ടു പെണ്മക്കളുടെ വിവാഹത്തിന് അപേക്ഷ സമർപ്പിക്കാം. ഇത്തരത്തിൽ ധനസഹായം ലഭിച്ച ശേഷം നിയമപ്രകാരം ബന്ധം വേർപെടുത്തി, പുനർ വിവാഹം ആവശ്യമായി വരുന്ന സാഹചര്യത്തിലും ധനസഹായം അനുവദിക്കും. എന്നാൽ വിവാഹമോചനം നേടി മൂന്നു വർഷത്തിന് ശേഷമേ പുനർവിവാഹത്തിന് ധനസഹായം അനുവദിക്കുകയുള്ളൂ.
പെണ്മക്കളുടെ വിവാഹ ധനസഹായത്തിന് അപേക്ഷിക്കുന്ന ഭിന്നശേഷിയുള്ള രക്ഷിതാവിന് മാനസിക വെല്ലുവിളിയുണ്ടെങ്കിൽ കുടുംബത്തിലെ ചുമതലയുള്ള മറ്റൊരാൾക്ക് ധനസഹായം സ്വീകരിക്കാം. ധനസഹായത്തിനായി വിവാഹത്തിന് ഒരു മാസം മുൻപ് അപേക്ഷ നൽകാൻ കഴിയാത്ത സാഹചര്യത്തിൽ, വിവാഹശേഷം ആറ് മാസത്തിനകം ലഭിക്കുന്ന അപേക്ഷകളിൽ ജില്ലാ സാമൂഹികനീതി ഓഫീസർക്കും ആറ് മാസത്തിനു ശേഷവും ഒരു വർഷത്തിനകവും ലഭിക്കുന്നവയിൽ സാമൂഹികനീതി ഡയറക്ടർക്കും തീരുമാനമെടുക്കാം.
വരുമാന സർട്ടിഫിക്കറ്റ്, ഭിന്നശേഷിയുണ്ടെന്നു തെളിയിക്കുന്ന മെഡിക്കൽ ബോർഡ് രേഖ, റേഷൻ കാർഡിന്റെ പകർപ്പ്, ഭിന്നശേഷിക്കാരുടെ പെണ്മക്കൾക്കളുടെ വിവാഹത്തിനുള്ള ധനസഹായ അപേക്ഷയോടൊപ്പം വിവാഹിതയാകാൻ പോകുന്ന യുവതി അപേക്ഷകരുടെ മകളാണെന്ന് തെളിയിക്കുന്നതിന് തദ്ദേശ സ്ഥാപനത്തിൽ നിന്ന് ലഭിക്കുന്ന ജനന സർട്ടിഫിക്കറ്റ് തുടങ്ങിയവ നൽകണം.