വെള്ളാങ്ങല്ലൂർ ഗ്രാമപഞ്ചായത്തിന്റെ കൂട്ടായ പ്രവർത്തനങ്ങളിലും പദ്ധതികളിലും സംതൃപ്തിയും സന്തോഷവും രേഖപ്പെടുത്തി നെതർലൻഡ്സിൽ നിന്നുള്ള വിദ്യാർത്ഥിനി. കാലാവസ്ഥാ വ്യതിയാനം മൂലമുള്ള അപകടസാധ്യത കുറയ്ക്കുന്നതിനുള്ള മുന്നറിയിപ്പ് സംവിധാനങ്ങളേക്കുറിച്ച് പഠിക്കുന്നതിന്റെ ഭാഗമായി പഞ്ചായത്ത് സന്ദർശിക്കവേ ആയിരുന്നു നെതർലന്റുകാരിയായ വര ഗ്ലാസിന്റെ പ്രതികരണം. ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനിയായ ഇവർ തന്റെ ഇൻ്റേൺഷിപ്പിന്റെ ഭാഗമായാണ് പഞ്ചായത്ത് സന്ദർശിച്ചത്.

കേരള ദുരന്തനിവാരണ അതോറിറ്റി, നെതർലാൻഡിലെ ട്വൻ്റെ യൂണിവേഴ്സിറ്റി, റെഡ് ക്രോസ് ക്ലൈമറ്റ് സെന്റർ, ഡച്ച് കാലാവസ്ഥ ഇൻസ്റ്റ്യൂട്ട് (KNMI), കില എന്നിവ സംയുക്തമായി നടത്തുന്ന ഗവേഷണ പരിപാടിയുടെ ഭാഗമായാണ് ഇവർ പഞ്ചായത്തിൽ എത്തിയത്. വെള്ളാങ്ങല്ലൂർ ഗ്രാമപഞ്ചായത്തിന്റെ ദുരന്ത നിവാരണ കർമ്മപദ്ധതി, പ്രളയകാല പ്രവർത്തനങ്ങൾ, മുന്നറിയിപ്പ് സംവിധാനങ്ങൾ, ദുരന്ത ലഘൂകരണ പ്രവർത്തനങ്ങൾക്കായുള്ള ഭാവി പരിപാടികൾ എന്നിവയെക്കുറിച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം എം മുകേഷ് ,വൈസ് പ്രസിഡന്റ് സുജന ബാബു, സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ ഷറഫുദ്ദീൻ, ജിയോ ഡേവിസ് എന്നിവരുമായി ചർച്ച നടത്തി.

ഗ്രാമപഞ്ചായത്ത് സെക്രട്ടറി റിഷി കെ, അസി.സെക്രട്ടറി സുജൻ പൂപ്പത്തി എന്നിവർ ദുരന്തനിവാരണ കർമ്മ പദ്ധതിയും മുന്നൊരുക്കങ്ങളും ഭാവി പ്രവർത്തനങ്ങളും സംഘത്തിന് മുന്നിൽ അവതരിപ്പിച്ചു. ഹൃദ്യമായ സ്വീകരണത്തിന് നന്ദി രേഖപ്പെടുത്തി ഗ്രാമപഞ്ചായത്തിന്റെ വകയായുള്ള ഉപഹാരവും സ്വീകരിച്ച ശേഷമാണ് ഇവർ മടങ്ങിയത്.