ആതുര സേവനത്തിനായി ഗുരുവായൂര്‍ നഗരസഭയ്ക്ക് പുതിയ ആംബുലന്‍സ് ഒരുങ്ങി. നഗരസഭയുടെ 2021-22 സാമ്പത്തിക വര്‍ഷത്തിലെ വികസന ഫണ്ടില്‍ നിന്നും 21,00,000 ലക്ഷം രൂപയാണ് പുതിയ ആംബുലന്‍സിനായി വകയിരുത്തിയത്. നഗരസഭയുടെ പഴയ ആംബുലന്‍സ് ഉപയോഗ ശൂന്യമായ സാഹചര്യത്തിലാണ് പുതിയത് അടിയന്തരമായി വാങ്ങിയത്. അത്യാഹിത വിഭാഗത്തില്‍ പെടുന്ന രോഗികള്‍ക്ക് അടിയന്തര സഹായത്തിനായി 24 മണിക്കൂറും ആംബുലന്‍സ് സേവനം ലഭ്യമാകും. ഓക്‌സിജന്‍ സൗകര്യം ഉള്‍പ്പടെയുളള സംവിധാനങ്ങള്‍ ആംബുലന്‍സിലുണ്ട്. കൂടാതെ ആധുനിക സൗകര്യങ്ങള്‍ ഘടിപ്പിക്കുന്നതിനുളള സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. പുതിയ ആംബുലന്‍സിന്റെ ഫ്‌ലാഗ് ഓഫ് കര്‍മ്മം നഗരസഭാ അങ്കണത്തില്‍ ചെയര്‍മാന്‍ എം കൃഷ്ണദാസ് നിര്‍വ്വഹിച്ചു. വൈസ് ചെയര്‍പേഴ്‌സണ്‍ അനിഷ്മ ഷനോജ് അധ്യക്ഷത വഹിച്ചു. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, കൗണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.