ഹരിതകർമ്മ സേനാംഗങ്ങൾക്ക് മൊബൈൽ ഫോണുകൾ നൽകി കുന്നംകുളം നഗരസഭ. ഹരിതകർമ്മ സേനാംഗങ്ങളുടെ കാര്യശേഷി വർദ്ധിപ്പിക്കുന്നതിനും അജൈവ മാലിന്യശേഖരണം കാര്യക്ഷമവും കുറ്റമറ്റതാക്കുന്നതിനുമായാണ് പദ്ധതി നടപ്പാക്കുന്നത്. 56 മൊബൈൽ ഫോണുകളാണ് നഗരസഭയിൽ വിതരണം ചെയ്തത്.

കുടുംബശ്രീ സി ഡി എസിൻ്റെ ആഭിമുഖ്യത്തിൽ ഹരിത കർമ്മസേന കൺസോർഷ്യം വനിതാ വികസന കോർപ്പറേഷനിൽ നിന്ന് 4 ശതമാനം പലിശയ്ക്ക് ലഭിച്ച ലോൺ ഉപയോഗപ്പെടുത്തിയാണ് മൊബൈൽ ഫോണുകൾ വാങ്ങിയിട്ടുള്ളത്. നിലവിൽ നഗരസഭയിൽ 66 ഹരിതകർമ്മ സേനാംഗങ്ങളുണ്ട്. ഇതിൽ
10 പേർക്ക് മാത്രമാണ് സ്വന്തമായി മൊബൈൽ ഫോൺ ഉണ്ടായിരുന്നത്.

നഗരസഭ കോൺഫറൻസ് ഹാളിൽ ചെയർപേഴ്സൺ സീത രവീന്ദ്രൻ അംഗങ്ങൾക്ക് മൊബൈൽ ഫോണുകൾ നൽകി ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ സൗമ്യ അനിലൻ അധ്യക്ഷയായി. യോഗത്തിൽ സ്ഥിരം സമിതി അംഗങ്ങളായ പി എം സുരേഷ്, സജിനി പ്രേമൻ, ടി. സോമശേഖരൻ, പ്രിയ സജീഷ്, പി കെ ഷെബീർ, സെക്രട്ടറി ഇൻ ചാർജ് പി എ ഉഷാകുമാരി, റവന്യൂ ഓഫീസർ സുശീല, ഹെൽത്ത് സൂപ്പർവൈസർ കെ എസ് ലക്ഷ്മണൻ തുടങ്ങിയവർ പങ്കെടുത്തു.