പട്ടികജാതി-പട്ടികവര്‍ഗ ജനവിഭാഗങ്ങളുടെ വികസനത്തിനായി സര്‍ക്കാര്‍ നടപ്പിലാക്കി വരുന്ന പദ്ധതികളുടെ കാര്യക്ഷമമായ നടത്തിപ്പുമായി ബന്ധപ്പെട്ട് രൂപീകരിച്ച മോണിറ്ററിംഗ് കമ്മറ്റിയുടെ സംസ്ഥാനത്തെ ആദ്യ യോഗം ചേലക്കരയില്‍ ചേര്‍ന്നു. വകുപ്പുമായി ബന്ധപ്പെട്ടുള്ള പദ്ധതികളുടെ സുതാര്യവും സമയബന്ധിതവുമായ നടത്തിപ്പ് ഉറപ്പ് വരുത്തുന്നതിനാണ് നിയോജക മണ്ഡലാടിസ്ഥാനത്തില്‍ മോണിറ്ററിംഗ് കമ്മറ്റികള്‍ രൂപീകരിച്ചിരിക്കുന്നത്. ചേലക്കര പിഡബ്യുഡി റസ്റ്റ് ഹൗസില്‍ പട്ടികജാതി, പട്ടികവര്‍ഗ, പിന്നാക്കക്ഷേമ മന്ത്രി കെ രാധാകൃഷ്ണന്റെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്.
വിവിധ പദ്ധതികള്‍ക്കായി ഫണ്ട് ചെലവഴിക്കുന്നു എന്നതിലുപരി ഈ വിഭാഗങ്ങളുടെ ജീവിതത്തില്‍ എന്തു മാറ്റമാണ് ഈ പദ്ധതികള്‍ ഉണ്ടാക്കിയത് എന്ന് കൂടി വിലയിരുത്തുകയാണ് മോണിറ്ററിംഗ് കമ്മറ്റിയുടെ ഉദ്ദേശ്യമെന്ന് മന്ത്രി പറഞ്ഞു. ഓരോ നാല് മാസത്തിലും കമ്മറ്റി യോഗം ചേരണം. ഈ യോഗത്തില്‍ ഓരോ പ്രദേശത്തും ചെയ്യേണ്ട പ്രവര്‍ത്തനങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യണം. പട്ടികജാതി പട്ടികവര്‍ഗ വകുപ്പുകളുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും പദ്ധതികള്‍ ഫലപ്രദമായി നടപ്പിലാക്കണമെന്നും അതിനുവേണ്ട കൂടുതല്‍ നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുന്നതിന് വേണ്ടിയാണ് കമ്മറ്റി ചേരുന്നതെന്നും മന്ത്രി പറഞ്ഞു. ഓരോ വാര്‍ഡിലെയും വീടുകളിലെയും പ്രശ്നങ്ങള്‍ എന്താണെന്ന് പരിശോധിച്ച് ഇടപെടല്‍ ഉണ്ടാകണമെന്നും പഞ്ചായത്ത്- വാര്‍ഡ് തലങ്ങളില്‍ ഉള്‍പ്പെടെ ഇത്തരത്തില്‍ യോഗങ്ങള്‍ നടത്തണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു.
അതാത് എംഎല്‍എമാര്‍ ചെയര്‍മാന്‍മാരായ കമ്മറ്റിയില്‍ പട്ടികജാതി വികസന ഓഫീസര്‍ കണ്‍വീനര്‍ ആയിരിക്കും. ഒന്നിലേറെ ബ്ലോക്കുകളോ മുനിസിപ്പാലിറ്റികളോ ഉണ്ടെങ്കില്‍ ജില്ലാ അസിസ്റ്റന്റ് പട്ടികജാതി വികസന ഓഫീസറായിരിക്കും കണ്‍വീനര്‍. ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷന്‍മാര്‍, സെക്രട്ടറിമാര്‍, ബന്ധപ്പെട്ട ഡിവിഷനുകളിലെ ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ പട്ടികജാതി/പട്ടികവര്‍ഗ അംഗങ്ങള്‍, പ്രോജക്ട് ഓഫീസര്‍, ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസര്‍, ബ്ലോക്ക്/മുനിസിപ്പാലിറ്റി, കോര്‍പ്പറേഷനിലെ തദ്ദേശ സ്വയംഭരണ എന്‍ജിനീയറിംഗ് വിഭാഗം മേധാവികള്‍ എന്നിവരായിരിക്കും മോണിറ്ററിംഗ് കമ്മറ്റിയിലെ അംഗങ്ങള്‍.