എറണാകുളം ജില്ലയില്‍ 2250 പട്ടയങ്ങള്‍ വിതരണം ചെയ്യും

റവന്യു ഫയല്‍ അദാലത്ത് സംസ്ഥാനതല ഉദ്ഘാടനവും കീരംപാറ സ്മാര്‍ട് വില്ലേജ് ഓഫീസ് ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു

ഭൂരഹിതരില്ലാത്ത കേരളം യാഥാര്‍ത്ഥ്യമാക്കുകയാണ് സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ.രാജന്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച ഫയല്‍ തീര്‍പ്പാക്കല്‍ തീവ്രയജ്ഞത്തോടനുബന്ധിച്ച് റവന്യൂ വകുപ്പില്‍ നടത്തുന്ന ഫയല്‍ അദാലത്തിന്റെ സംസ്ഥാനതല ഉദ്ഘാടനവും കീരംപാറ സ്മാര്‍ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനവും നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

അവകാശികളില്ലാത്ത ഭൂമി കേരളത്തില്‍ ഉണ്ടാകരുത് എന്ന ഉദ്ദേശത്തിലാണ് റവന്യൂ വകുപ്പ് മുന്‍പോട്ട് പോകുന്നത്. സ്വന്തമായി ഭൂമിയില്ലാത്തവര്‍ക്ക് അതു ലഭ്യമാക്കുന്നതിനുള്ള പരിശ്രമം പുരോഗമിച്ചു വരികയാണ്. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ഒരു വര്‍ഷം കൊണ്ട്
54535 പട്ടയങ്ങളുടെ നടപടിക്രമങ്ങളാണ് പൂര്‍ത്തിയാക്കിയത്. വിതരണം ചെയ്തതും വിതരണത്തിന് തയ്യാറായിട്ടുള്ളതും നടപടികള്‍ പൂര്‍ത്തീകരിച്ചതുമായ പട്ടയങ്ങളുടെ കണക്കാണിത്. ഇതു ചെറിയൊരു കാര്യമല്ല. എറണാകുളം ജില്ലയില്‍ 2250 പട്ടയങ്ങളാണു വിതരണത്തിനു തയ്യാറായിരിക്കുന്നത്. അതില്‍ അഞ്ഞൂറോളം പട്ടയങ്ങള്‍ കോതമംഗലം മേഖലയില്‍ വരുന്നതാണ്. മലയോര പ്രദേശമായ കോതമംഗലത്ത് നിരവധി പ്രശ്‌നങ്ങള്‍ തരണം ചെയ്താണു പട്ടയങ്ങള്‍ അനുവദിക്കുന്നത്. വനവുമായി ചേര്‍ന്നുകിടക്കുന്ന പ്രദേശങ്ങളില്‍ സങ്കീര്‍ണമായ നിരവധി ചട്ടങ്ങളും ഉത്തരവുകളും നിലനില്‍ക്കുന്നുണ്ട്. പലപ്പോഴും പട്ടയം അനുവദിക്കുന്നതില്‍ അതൊരു പ്രതിബന്ധമായി മാറാറുണ്ട്. എങ്കിലും എല്ലാ വകുപ്പുകളെയും ഏകോപിപ്പിച്ചു സങ്കീര്‍ണതകള്‍ പരിഹരിച്ച് അര്‍ഹരായവര്‍ക്ക് ഭൂമി അനുവദിക്കാനാണു സര്‍ക്കാരിന്റെ തീവ്രശ്രമം. വനമേഖലയിലുള്ളവര്‍ക്കും ആദിവാസികള്‍ക്കും പ്രത്യേക പരിഗണന നല്‍കി പട്ടയം നല്‍കും. കൈയേറ്റക്കാരോടും കുടിയേറ്റക്കാരോടും ഒരേ സമീപനമല്ല സര്‍ക്കാരിനുള്ളതെന്നും മന്ത്രി വ്യക്തമാക്കി.