സംസ്ഥാന സർക്കാരിന്റെ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ (കെ.എസ്.എഫ്.ഡി.സി) വൈക്കത്തു നിർമിക്കുന്ന അത്യാധുനിക തിയേറ്റർ സമുച്ചയത്തിന്റെ നിർമാണോദ്ഘാടനം ഇന്ന് (ജൂലൈ 3) രാവിലെ 11.30 ന് സാംസ്‌ക്കാരിക മന്ത്രി സജി ചെറിയാൻ നിർവഹിക്കും. തോമസ് ചാഴിക്കാടൻ എം.പി, സി.കെ ആശ എംഎൽഎ, കെ.എസ്.എഫ്.ഡി.സി ചെയർമാൻ ഷാജി എൻ. കരുൺ, മാനേജിങ് ഡയറക്ടർ എൻ. മായ, രാഷ്ട്രീയ, സാംസ്‌കാരിക, ചലച്ചിത്ര മേഖലയിലെ പ്രമുഖർ തുടങ്ങിയവർ പങ്കെടുക്കും.
വൈക്കം നഗരസഭ അനുവദിച്ച 80 സെന്റ് സ്ഥലത്താണ് തീയേറ്റർ നിർമ്മിക്കുന്നത്. വൈക്കം നഗരസഭ ചെയർപേഴ്സൺ രേണുകാ രതീഷ് പദ്ധതി പ്രദേശത്തിന്റെ രേഖകൾ കെ.എസ്.എഫ്.ഡി.സിയ്ക്കു കൈമാറും. 15.56 കോടി രൂപ മുതൽ മുടക്കിൽ രണ്ടു സ്‌ക്രീനുകളുള്ള തിയേറ്റർ സമുച്ചയമാണ് വൈക്കത്ത് നിർമ്മിക്കുന്നത്. ഇവിടെ 4K – 3D ലേസർ ഡിജിറ്റൽ പ്രൊജക്ഷൻ, ഡോൾബി അറ്റ്‌മോസ് (DOLBY ATMOS) സൗണ്ട് സിസ്റ്റം, ജെ.ബി.എൽ സ്പീക്കർ, സിൽവർ സ്‌ക്രീൻ, ഇൻവെർട്ടർടൈപ്പ് ശീതീകരണ സംവിധാനം, തിയേറ്ററിന്റെ നാനാഭാഗത്തും സജ്ജീകരിച്ചിരിക്കുന്ന നിരീക്ഷണ ക്യാമറകൾ, വൈദ്യുതി തടസ്സം നേരിടാനുള്ള ആധുനിക ജനറേറ്ററുകൾ, ഫയർ ഫൈറ്റിംഗ് സംവിധാനം, ആധുനിക രീതിയിലുള്ള 3D സംവിധാനം, സൗകര്യപ്രദമായ സോഫാ-പുഷ്-ബാക്ക് ഇരിപ്പിടങ്ങൾ, എൽ.ഇ.ഡി. ഡിസ്‌പ്ലേ, ആധുനിക ടോയ്‌ലെറ്റ് സൗകര്യം, ലിഫ്റ്റ് സംവിധാനം, ഷോപ്പുകൾ, ക്യാന്റീൻ വിശാലമായ പാർക്കിംഗ് തുടങ്ങിയ സജ്ജീകരണങ്ങൾ തിയേറ്ററിൽ ഒരുക്കും. രണ്ടു തിയേറ്ററുകളിലുമായി 380 സീറ്റുകൾ ആണ് ക്രമീകരിക്കുന്നത്.