പെരുവന്താനം ഗ്രാമപഞ്ചായത്തില്‍ ഞാറ്റുവേല ചന്ത ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ തനത് കാര്‍ഷിക സംസ്‌കാരത്തിന്റെ ഭാഗമായ ഞാറ്റുവേലകളെ ജനങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള വേദിയൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് പെരുവന്താനം പഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തില്‍ ചന്ത സംഘടിപ്പിച്ചത്. പെരുവന്താനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡോമിന സജി ഉദ്ഘാടനം ചെയ്തു. ഞാറ്റുവേലകള്‍ വീണ്ടെടുക്കപ്പെടേണ്ട കാര്‍ഷിക സംസ്‌കാരത്തിന്റെ മുഖമുദ്രകളാണെന്ന് പ്രസിഡന്റ് പറഞ്ഞു. പച്ചക്കറി തൈകള്‍, തെങ്ങ്, ജാതി, റംബൂട്ടാന്‍, അബിയു, ബുഷ് പെപ്പര്‍, പ്ലാവ്, മാവ് തുടങ്ങിയവയുടെ തൈകള്‍ ഞാറ്റുവേല ചന്തയില്‍ വിപണനത്തിനായി ഒരുക്കിയിട്ടുണ്ട്. ഉദ്ഘാടന ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം കെ. ആര്‍ വിജയന്‍, വാര്‍ഡ് മെമ്പര്‍മാരായ ബൈജു ഇ. ആര്‍, മേരിക്കുട്ടി ഓലിക്കല്‍, സാഗി കോഓര്‍ഡിനേറ്റര്‍ സുഹൈല്‍ വി എ, കൃഷി ഓഫീസര്‍ ബദരിയ പി എസ് എന്നിവര്‍ പങ്കെടുത്തു.