ഇടുക്കി താലൂക്ക് വികസനസമതി യോഗം ചേര്‍ന്നു. റേഷന്‍ കടകളിലെ കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും തടയുന്നതിന് കാര്‍ഡ് ഉടമകള്‍ക്ക് അര്‍ഹതപ്പെട്ട അളവിലുള്ള റേഷന്‍ സാധനങ്ങള്‍ ഒരുമിച്ച് നല്‍കാനുള്ള സംവിധാനം ഏര്‍പ്പെടുത്താന്‍ യോഗം തീരുമാനിച്ചു. കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോസ് സ്‌കറിയ അദ്ധ്യക്ഷനായ യോഗത്തിലാണ് സമിതി അംഗങ്ങള്‍ ആവശ്യം ഉന്നയിച്ചത്. വഞ്ചിക്കവല മുതല്‍ ചെറുതോണി ടൗണ്‍വരെയുള്ള ഓട വൃത്തിയാക്കി മഴക്കാലത്ത് ഉണ്ടാകുന്ന വെള്ളക്കെട്ട് പരിഹരിക്കുക, സ്വകാര്യ വ്യക്തികള്‍ കലുങ്കുകള്‍ കയ്യേറി നടത്തിയിട്ടുള്ള അനധികൃത നിര്‍മ്മാണം ഒഴിപ്പിച്ച് മൂന്നു കലുങ്കുകള്‍ ഉടനടി തുറന്ന് അടിഞ്ഞുകൂടിയിരിക്കുന്ന മണ്ണും മണലും നീക്കം ചെയ്തു വെള്ളക്കെട്ട് ഒഴിവാക്കണമെന്നും അംഗങ്ങള്‍ ആവശ്യപ്പെട്ടു. കട്ടപ്പന ടൗണിലെ ഗതാഗത കുരുക്ക് നിയന്ത്രിക്കുന്നതിനും ജനങ്ങള്‍ ട്രാഫിക് നിയമങ്ങള്‍ കൃത്യമായി പാലിക്കാത്തത് ശ്രദ്ധയില്‍പ്പെടുത്തുന്നതിനുമായി ട്രാഫിക് പോലീസിനും ആര്‍ ടി ഒ യ്ക്കും കത്ത് നല്‍കുമെന്നും തഹസില്‍ദാര്‍ യോഗത്തില്‍ അറിയിച്ചു.
ചെറുതോണി ഡാമിലേക്ക് എത്തുന്ന സന്ദര്‍ശകര്‍ക്ക് വണ്ടി പാര്‍ക്ക് ചെയ്യുന്നതിനുള്ള സൗകര്യം ഒരുക്കാനും സ്റ്റേറ്റ് ഹൈവേയുടെ ഭാഗമായുള്ള കുളമാവ് റോഡില്‍ ഗതാഗത കുരുക്ക് സൃഷ്ടിക്കുന്ന രീതിയില്‍ വളര്‍ന്നു നില്‍ക്കുന്ന മരക്കൊമ്പുകള്‍ മുറിച്ചു മാറ്റാനും തീരുമാനിച്ചു. തഹസില്‍ദാറിന്റെ ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജി ചന്ദ്രന്‍, പഞ്ചായത്ത് പ്രസിഡന്റുമാര്‍, തൃതല പഞ്ചായത്ത് അംഗങ്ങള്‍ തഹസീല്‍ദാര്‍ ജെയ്ഷ് ചെറിയാന്‍, മറ്റ് സര്‍ക്കാര്‍ വകുപ്പ് ഉദ്യോഗസ്ഥരും വിവിധ രാഷ്ട്രീയ നേതാക്കളും പങ്കെടുത്തു.