ബ്ലോക്ക് പഞ്ചായത്തിന്റെയും ആരോഗ്യ വകുപ്പിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ കരിങ്കുന്നത്ത് ആരോഗ്യമേള സംഘടിപ്പിച്ചു. ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് സെന്ററുകളുടെ പ്രചാരണാര്‍ത്ഥം ജനങ്ങളെ ബോധവല്‍ക്കരിക്കുക, ആരോഗ്യ സംബന്ധമായ സര്‍ക്കാര്‍ പദ്ധതികളെ ജനങ്ങളിലേക്ക് എത്തിക്കുക, അവബോധം സൃഷ്ടിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ആരോഗ്യമേള സംഘടിപ്പിച്ചത്.

തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള ആറ് ഗ്രാമപഞ്ചായത്തുകളിലെ ജനപ്രതിനിധികള്‍, ആരോഗ്യ പ്രവര്‍ത്തകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, അങ്കണവാടി പ്രവര്‍ത്തകര്‍, വിദ്യാര്‍ത്ഥികള്‍, എസ്.പി.സി അംഗങ്ങള്‍, ഹരിത കര്‍മ്മ സേന അംഗങ്ങള്‍, ആര്‍.ഡി ഏജന്റുമാര്‍, പൊതുജനങ്ങള്‍ എന്നിവരുടെ നേതൃത്വത്തില്‍ ആരോഗ്യ സന്ദേശ റാലിയോടെയാണ് ആരോഗ്യമേള ആരംഭിച്ചത്. പരമ്പരാഗത കലാരൂപങ്ങളുടെയും വാദ്യ മേളങ്ങളുടെയും നിശ്ചലദൃശ്യങ്ങളുടെയും അകമ്പടിയോടെ സംഘടിപ്പിച്ച റാലിയില്‍ നൂറ് കണക്കിന് ആളുകള്‍ അണിനിരന്നു. കരിങ്കുന്നം പുത്തന്‍ പള്ളിയില്‍ നിന്നും ആരംഭിച്ച റാലി സെന്റ് അഗസ്റ്റന്‍സ് സ്‌കൂളില്‍ സമാപിച്ചു.

തുടർന്ന് പി.ജെ ജോസഫ് എം.എല്‍.എ യുടെ അധ്യക്ഷതയില്‍ ആരംഭിച്ച യോഗം ഇടുക്കി എം.പി ഡീന്‍ കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. ഇടുക്കി ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ് സമ്മാനദാനം നിര്‍വഹിച്ചു.

ആരോഗ്യ മേളയോട് അനുബന്ധിച്ച് നടന്ന സെമിനാറില്‍ ജീവിതശൈലി രോഗങ്ങളെ സംബന്ധിച്ച് അല്‍ അസ്ഹര്‍ മെഡിക്കല്‍ കോളേജിലെ പ്രിന്‍സിപ്പാള്‍ ഡോ. ജോസ് ജോസഫ് ക്ലാസ് നയിച്ചു. ഭക്ഷ്യ സുരക്ഷയെ സംബന്ധിച്ച് ഫുഡ് സേഫ്റ്റി ഓഫീസര്‍ ബൈജു.പി.ജോസ്, ദുരന്ത നിവാരണത്തെ സംബന്ധിച്ച് എന്‍.എസ്. അജയകുമാര്‍ എന്നിവര്‍ ക്ലാസുകള്‍ നയിച്ചു.

ആരോഗ്യവകുപ്പ്, ഫയര്‍ഫോഴ്‌സ്, മാനസികാരോഗ്യ വിഭാഗം, എക്‌സൈസ്, കുടുംബശ്രീ, ഭക്ഷ്യ സുരക്ഷാ വകുപ്പ്, ഹോമിയോപ്പതി, ആയുര്‍വേദം, പാലിയേറ്റീവ് കെയർ, ഖാദി, കൃഷിവകുപ്പ്, മൃഗസംരക്ഷണ വകുപ്പ് തുടങ്ങിയ വകുപ്പുകള്‍ സംഘടിപ്പിച്ച സ്റ്റാളുകള്‍ ഏറെ വിജ്ഞാനപ്രദമായി. മേളയോട് അനുബന്ധിച്ച് സംഘടിപ്പിച്ച ജീവിതശൈലി രോഗനിര്‍ണയ ക്യാമ്പും ക്യാന്‍സര്‍ രോഗനിര്‍ണയ ക്യാമ്പും നേത്രരോഗ പരിശോധനയും ജനങ്ങള്‍ക്ക് ഏറെ പ്രയോജനപ്രദമായി. മേളയോട് അനുബന്ധിച്ച് വിവിധ കലാപരിപാടികളും അരങ്ങേറി.