തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട പരാതികള്‍ കേള്‍ക്കുന്നതിന് വാത്തിക്കുടി, കാമാക്ഷി, മരിയാപുരം ഗ്രാമപഞ്ചായത്തുകളില്‍ ഒംമ്പുഡ്‌സ്മാന്‍ രാജന്‍ ബാബു സിറ്റിംഗ് നടത്തി. ഓരോ പഞ്ചായത്തുകളിലെയും തൊഴിലുറപ്പ് പദ്ധതികളുമായി ബന്ധപ്പെട്ട പരാതി തീര്‍പ്പാക്കാന്‍ വിവിധ തൊഴിലുറപ്പു പ്രവൃത്തി നടപടികള്‍ അദ്ദേഹം പരിശോധിച്ചു. വാത്തിക്കുടി ഗ്രാമപഞ്ചായത്തിലെ അഞ്ചു പരാതികള്‍ പരിശോധിച്ചു. കാര്‍ഷിക മേഖലയില്‍ കൂടുതല്‍ തൊഴിലുറപ്പു പ്രവൃത്തികള്‍ ഏറ്റെടുത്തു ചെയ്യണമെന്നതായിരുന്നു പ്രധാന ആവശ്യം. പദ്ധതിയില്‍ ക്ഷീരകര്‍ഷകരെ ഉള്‍പ്പെടുത്തണമെന്നും ആവശ്യമുണ്ടായി. പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിന്ധു ജോസ്, സെക്രട്ടറി സുനില്‍ സെബാസ്റ്റ്യന്‍, ബിഡിഒ മുഹമ്മദ് സബീര്‍ ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ എന്നിവരുമായി ചര്‍ച്ച നടത്തി. പഞ്ചായത്തില്‍ നീര്‍ത്തടാധിഷ്ഠിത മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കി അതിനനുസരിച്ചുള്ള പ്രവൃത്തികള്‍ ഏറ്റെടുക്കാന്‍ നിര്‍ദ്ദേശം നല്‍കി. കടക്കയം, തേയിലമുക്ക്, പെരിക്കല്‍കവല റോഡ് കോണ്‍ക്രീറ്റിങിനെ സംബന്ധിച്ചുള്ള പരാതിയും പരിശോധിച്ചു. മരിയാപുരം പഞ്ചായത്തില്‍ നിന്നും ഒരു പരാതി മാത്രമാണ് ലഭിച്ചത്. കാമാക്ഷി ഗ്രാമപഞ്ചായത്തില്‍ പ്രസിഡന്റ് ഷേര്‍ളി ജോസഫ്, സെക്രട്ടറി സബൂറ ബീവി, തൊഴിലുറപ്പ് പദ്ധതി ഉദ്യോഗസ്ഥര്‍ എന്നിവരുമായി പദ്ധതി പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്തു.
