കബനി നദീ പുനരുജീവനം പദ്ധതിയുടെ ലോഗോ പ്രകാശനം ചെയ്തു. കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ കബനി്ക്കായ് വയനാട് എന്ന പേരടങ്ങിയ ലോഗോ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ജില്ലാ കളക്ടര്‍ എ. ഗീതയ്ക്ക് കൈമാറിയാണ് പ്രകാശനം ചെയ്തത്. ചടങ്ങില്‍ പഞ്ചായത്ത് ജോയിന്റ് ഡയറക്ടര്‍ പി.ജയരാജന്‍, നവകേരളം കര്‍മ്മ പദ്ധതി ജില്ലാ കോര്‍ഡിനേറ്റര്‍ ഇ. സുരേഷ് ബാബു തുടങ്ങിയവര്‍ സംസാരിച്ചു. തദ്ദേശ സ്വയം ഭരണ സ്ഥാപന പ്രതിനിധികള്‍, ജില്ലാ ഏകോപന സമിതി അംഗങ്ങള്‍, ജില്ലാ സാങ്കേതിക സമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ജില്ലയിലെ 15 തദ്ദേശ സ്ഥാപനങ്ങളിലൂടെ ഒഴുകുന്ന കബനിയുടെ പ്രധാന കൈവഴികളുടെ നിലവിലെ സ്ഥിതിയെ കുറിച്ച് സര്‍വേ നടത്തുകയും മാപ്പത്തോണ്‍ സാങ്കേതികവിദ്യയിലൂടെ മാപ്പിംഗ് നടത്തി മാലിന്യമുള്ള ഇടങ്ങളും ഒഴുക്കു നിലച്ച നീര്‍ച്ചാലുകളും കണ്ടെത്തി അവയെ പുനരുജീവിപ്പിച്ച് സുസ്ഥിരമക്കുന്നതിനുള്ള സമഗ്ര പദ്ധതിയാണ് കബനി പുനരുജീവനം പദ്ധതി. മാപ്പിംഗ് പ്രവൃത്തികള്‍ ജൂലൈ അവസാന വാരത്തില്‍ ആരംഭിക്കും. ഐ.റ്റി മിഷന്റെ സാങ്കേതിക സഹായത്തോടെയാണ് സര്‍വ്വേ മാപ്പിംഗ്. കബനിയുടെ ഉല്‍ഭവ കേന്ദ്രമായ വൈത്തിരി പൊഴുതന പഞ്ചായത്തുകളിലാണ് ആദ്യം മാപ്പിംഗ് നടത്തുന്നത്. തുടര്‍ന്ന് പുഴ നടത്തം, പൊതുശുചീകരണം എന്നിവയും നടക്കുമെന്ന് ജില്ലാ കോര്‍ഡിനേറ്റര്‍ പറഞ്ഞു.
കബനി നദി പുനരുജീവനത്തിന്റെ ആദ്യ ഘട്ടത്തില്‍ നവകേരളം കര്‍മ്മ പദ്ധതി സംസ്ഥാന കോര്‍ഡിനേറ്റര്‍ ഡോ.ടി.എന്‍ സീമയുടെ നേതൃത്വത്തില്‍ ആലോചനയോഗം ചേര്‍ന്നിരുന്നു. വൈത്തിരി, കോട്ടത്തറ, വെള്ളമുണ്ട, പൊഴുതന,പനമരം, തരിയോട്, മുള്ളന്‍കൊല്ലി, തൊണ്ടര്‍നാട്, പുല്‍പള്ളി, പടിഞ്ഞാറത്തറ, എടവക, തവിഞ്ഞാല്‍, തിരുനെല്ലി, വെങ്ങപ്പള്ളി, മാനന്തവാടി നഗരസഭ എന്നീ തദ്ദേശസ്ഥാപനങ്ങളിലെ പ്രതിനിധികളും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു. രണ്ടാം ഘട്ടത്തില്‍ കബനി നദി പുനരുജീവനം കര്‍മ്മ പദ്ധതി തയ്യാറാക്കുന്നതിന്റെ ഭാഗമായി ജില്ലാതലത്തിലും പഞ്ചായത്ത്തലങ്ങളിലും ശില്‍പശാലകള്‍ നടത്തി. കബനി നദി പുനരുജീവനം, കൃഷി വികസനം, ടൂറിസം, മാലിന്യ സംസ്‌കരണം എന്നീ വിഷയങ്ങള്‍ ശില്‍പശാലയില്‍ അവലോകനം ചെയ്തു. വരു ദിവസങ്ങളില്‍ വാര്‍ഡ് തലത്തിലും ശില്‍പശാലകള്‍ നടത്തുമെന്ന് കോര്‍ഡിനേറ്റര്‍ അറിയിച്ചു.