ശ്രീനാരായണപുരം ഗ്രാമപഞ്ചായത്ത് രൂപീകരിച്ച ദുരന്തനിവാരണസേന അംഗങ്ങൾക്ക് ഏകദിന പരിശീലനം നടത്തി. എസ്എൻ പുരം തേവർപ്ലാസ ഓഡിറ്റോറിയത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എം എസ് മോഹനൻ്റെ അധ്യക്ഷതയിൽ നടത്തിയ ഏകദിന പരിശീലന ക്യാമ്പിൻ്റെ ഉദ്ഘാടനം  ഇ ടി ടൈസണ്‍ മാസറ്റർ എം എൽ എ നിർവ്വഹിച്ചു.
ദുരന്ത സാഹചര്യങ്ങളിൽ പ്രദേശ നിവാസികളെ അറിയിക്കുക, ദുരന്തം നടന്നാൽ അടിയന്തര ഇടപെടൽ നടത്തുക, ദുരന്തശേഷം പ്രദേശത്തെ പൂർവ്വസ്ഥിതിയിൽ എത്തിക്കുക തുടങ്ങി ദുരന്തമുഖത്ത് സ്വീകരിക്കേണ്ട നടപടികളും ശിൽപശാലയിൽ ചർച്ചയായി. കൂടാതെ ഡെമ്മികളെ ഉപയോഗപ്പെടുത്തിയുള്ള ക്ലാസുകളും ദുരന്തനിവാരണ സേന അംഗങ്ങൾക്കായി നൽകി.
കൊടുങ്ങല്ലൂർ ഫയർ ആൻ്റ് റെസ്ക്യൂ സ്റ്റേഷൻ ഓഫീസർ ശരത്ത് കുമാർ, ഫയർഫോഴ്സ് ഫാക്വൽറ്റി അംഗങ്ങൾ എന്നിവരാണ് പരിശീലനങ്ങൾക്ക് നേതൃത്വം നൽകിയത്. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി സി ജയ, വികസനകാര്യം ചെയർമാൻ കെ എ അയൂബ്, ക്ഷേമകാര്യം ചെയർമാൻ മിനി പ്രദീപ്, സെക്രട്ടറി കെ ഐ അബ്ദുൾ ജലീൽ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു