ലൈംഗികാതിക്രമങ്ങൾ, ആസിഡ് ആക്രമണങ്ങൾ, ഗാർഹികപീഡനം തുടങ്ങിയവ അതിജീവിച്ച സ്ത്രീകൾക്കും കുട്ടികൾക്കും അടിയന്തിര ധനസഹായം നൽകുന്ന പദ്ധതിയാണ് ആശ്വാസനിധി. ഇത്തരം അതിക്രമങ്ങൾക്കിരയായവർക്ക് ഗുരുതരക്ഷതങ്ങളോ അനുബന്ധ അസുഖങ്ങളോ ഉണ്ടാകാറുണ്ട്. ഇവ കൃത്യസമയത്ത് ചികിത്സിക്കാനാണ് ധനസഹായം. പലർക്കും ജീവിതകാലം മുഴുവൻ മാനസികാരോഗ്യം നിലനിർത്തുന്നതിന് തുടർചികിത്സ ആവശ്യമായി വരാറുണ്ട്.

വനിതാ സംരക്ഷണ ഓഫിസർ, ശിശു സംരക്ഷണ ഓഫിസർ തുടങ്ങിയവർ നൽകുന്ന അന്വേഷണ റിപ്പോർട്ട് അടിസ്ഥാനമാക്കി വനിതാ ശിശുവികസന വകുപ്പാണ് ധനസഹായം അനുവദിക്കുന്നത്.

25,000 രൂപ മുതൽ രണ്ടു ലക്ഷം വരെയാണ് അടിയന്തിര ധനസഹായമായി നൽകുന്നത്. അതിക്രമത്തിന്റെ സ്വഭാവം പരിഗണിച്ചാണ് ഓരോ അപേക്ഷയിലും തുക നിശ്ചയിക്കുന്നത്. മെഡിക്കൽ റിപ്പോർട്ട്, ലീഗൽ റിപ്പോർട്ട്, പോലീസ് റിപ്പോർട്ട് എന്നിവ സഹിതമാണ് അപേക്ഷ നൽകേണ്ടത്.

സ്ത്രീകൾക്ക് അവരുടെ ബാങ്ക് അക്കൗണ്ടിലേക്കും പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് അനുവദിക്കുന്ന തുക കുട്ടിയുടെയും രക്ഷിതാവിന്റെയും പേരിലുള്ള ബാങ്ക് അക്കൗണ്ടിലേക്കുമാണ് നൽകുക. 2021-22 സാമ്പത്തിക വർഷത്തിൽ 466 പേർക്ക് ആശ്വാസനിധി പ്രകാരം ധനസഹായം നൽകിയിട്ടുണ്ട്. ആകെ 3,78,55,000 രൂപയാണ് വിതരണം ചെയ്തത്.