കേരള സർക്കാർ ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ തൃശൂർ ജില്ലയിലെ മത്സ്യ കർഷക ദിനാചരണവും മത്സ്യ കർഷകരെ ആദരിക്കലും കൊടുങ്ങല്ലൂർ മുൻസിപ്പൽ ടൗൺഹാളിൽ നടന്നു. അഡ്വ.വി ആർ സുനിൽകുമാർ എംഎൽഎ ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ അധ്യക്ഷത വഹിച്ചു.

ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നൂതന മത്സ്യകൃഷി രീതികളിൽ പ്രാഗത്ഭ്യം തെളിയിച്ച മത്സ്യ കർഷകർക്കുള്ള ആദരവ് ഇ ടി ടൈസൺ മാസ്റ്റർ എംഎൽഎ നിർവഹിച്ചു. കൊടുങ്ങല്ലൂർ മുൻസിപ്പൽ ചെയർപേഴ്സൺ ഷിനിജ മുഖ്യപ്രഭാഷണം നടത്തി.

മത്സ്യ ഗവേഷകരായ ഡോ.കെ എച്ച് അലികുഞ്ഞിയും ഡോ.ഹീര ലാൽ ചൗധരിയും 1957 ജൂലൈ 10ന് രാജ്യത്ത് ആദ്യമായി പ്രേരിത പ്രജനനം വഴി കാർപ്പ് മത്സ്യ ഇനങ്ങളുടെ ഉൽപാദനത്തിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് നാന്ദി കുറിച്ചതിന്റെ സ്മരണാർത്ഥമാണ് എല്ലാ വർഷവും ജൂലൈ 10 ദേശീയ മത്സ്യ കർഷക ദിനമായി ആചരിച്ചു വരുന്നത്. കൊടുങ്ങല്ലൂർ എറിയാട് സ്വദേശിയായ ഡോ. കെ എച്ച് അലികുഞ്ഞിയുടെ മകനും മത്സ്യകർഷകനുമായ ഡോ.കെ ഹമീദലിയെ ചടങ്ങിൽ പ്രത്യേകം ആദരിച്ചു.

ബയോഫ്ലോക് രീതിയിൽ ബനാമി ചെമ്മീൻ കൃഷി ചെയ്യുന്നതിനെ സംബന്ധിച്ചുള്ള ക്ലാസ് അഴീക്കോട് റീജിയണൽ ഷ്രിമ്പ് ഹാച്ചറിയിലെ ടെക്നിക്കൽ എക്സ്പെർട്ട് ഡോ.വിനു ജേക്കബ് നയിച്ചു. നൂതന മത്സ്യകൃഷി രീതികളുടെ പ്രദർശനവും മത്സ്യകൃഷിക്ക് അനുയോജ്യമായ വിവിധയിനം മത്സ്യങ്ങളുടെയും അലങ്കാര മത്സ്യങ്ങളുടെയും പ്രദർശനവും ഇതോടൊപ്പം ക്രമീകരിച്ചിരുന്നു.

ചടങ്ങിൽ എറിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ പി രാജൻ, പൊയ്യ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ കെ കുട്ടൻ, ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷ കെ എസ് ജയ, ജില്ലാ പഞ്ചായത്ത് മെമ്പർ സുഗത ശശിധരൻ, കൊടുങ്ങല്ലൂർ മുൻസിപ്പൽ വൈസ് ചെയർമാൻ കെ ആർ ജൈത്രൻ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ, ഫിഷറീസ് ഉദ്യോഗസ്ഥർ, മത്സ്യ കർഷകർ തുടങ്ങിയവർ സംബന്ധിച്ചു.