കേരള നോളജ് ഇക്കോണമി മിഷന്‍ ആരംഭിച്ച എന്റെ തൊഴില്‍ എന്റെ അഭിമാനം പദ്ധതിയുടെ രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടക്കുന്ന പരിശീലനപരിപാടിയുടെ ഉദ്ഘാടനം കല്‍പ്പറ്റ ഗ്രീന്‍ ഗേറ്റ്സ് ഹോട്ടലില്‍ ഇന്ന് (ചൊവ്വ) രാവിലെ 10 ന് കേരള നോളജ് ഇക്കോണമി മിഷന്‍ ഡയറക്ടര്‍ ഡോ. പി.എസ.് ശ്രീകല നിര്‍വഹിക്കും. കുടുംബശ്രീ പ്രവര്‍ത്തകരില്‍ നിന്ന് തെരഞ്ഞെടുത്ത ബ്ലോക്ക്തല പരിശീലകര്‍ക്ക് നോളജ് മിഷന്റെ സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ ഡോ. സി. മധുസൂദനന്റെ നേതൃത്വത്തില്‍ പരിശീലനം നല്‍കും.
2026 നുള്ളില്‍ 20 ലക്ഷം പേര്‍ക്ക് വിജ്ഞാനമേഖലയില്‍ തൊഴില്‍ നല്‍കുക എന്ന സര്‍ക്കാരിന്റെ ലക്ഷ്യം സാധ്യമാക്കാന്‍ നോളജ് ഇക്കോണമി മിഷന്‍ ഡിജിറ്റല്‍ വര്‍ക്ക് ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റം എന്ന പോര്‍ട്ടല്‍ തയാറാക്കിയിട്ടുണ്ട്. ഒന്നാം ഘട്ടത്തില്‍ 53 ലക്ഷം തൊഴില്‍ അന്വേഷകരെ കണ്ടെത്തിയിരുന്നു. ഇവരില്‍ നിന്ന് 21 നും 40 നും ഇടയില്‍ പ്രായമുള്ളവരെ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യിക്കുകയാണ് രണ്ടാം ഘട്ട പ്രവര്‍ത്തനം കൊണ്ട് ഉദ്ദേശിക്കുന്നത്.
കുടുംബശ്രീ പ്രവര്‍ത്തകരില്‍ നിന്ന് തെരഞ്ഞെടുത്തവര്‍ക്ക് നോളജ് മിഷന്‍ ജില്ലാതല പരിശീലനം നല്‍കും. പരിശീലനം ലഭിച്ചവര്‍ ബ്ലോക്ക് തല പരിശീലനത്തിനു നേതൃത്വം നല്‍കും. ജൂലൈ 18 മുതല്‍ രജിസ്ട്രേഷന്‍ ആരംഭിക്കും.