ജില്ലയിലെ മുതിര്‍ന്ന മത്സ്യ കര്‍ഷകരായ മാങ്കുളം സ്വദേശി പനച്ചിനാനിക്കല്‍ പി.എ മാത്യു, വണ്ണപ്പുറം സ്വദേശി നെടിയാലി മോളയില്‍ എന്‍.എ ഏലിയാസ്, കഞ്ഞിക്കുഴി സ്വദേശി തുണ്ടത്തില്‍ കുര്യാക്കോസ് ടി.ടി എന്നിവരെ ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ മത്സ്യ കര്‍ഷക ദിനത്തില്‍ ആചരിച്ചു.
ഹൈറേഞ്ചില്‍ ആറ്റുകൊഞ്ച്, കരിമീന്‍, എന്നിവ വിജയകരമായി കൃഷി ചെയ്യാമെന്ന് തെളിയിച്ചത് 88 കാരനായ മാങ്കുളം സ്വദേശി പി.എ മാത്യുവാണ്. 42 വര്‍ഷമായി മത്സ്യ കൃഷിയില്‍ സജീവമാണ് മാത്യു. 2011ല്‍ മത്സ്യ സമൃദ്ധി പദ്ധതിയില്‍ ഇടുക്കി ജില്ലയിലെ മികച്ച മത്സ്യ കര്‍ഷകനുള്ള അവാര്‍ഡും കരസ്ഥമാക്കിയിട്ടുണ്ട്.
35 വര്‍ഷമായി മത്സ്യകൃഷിയിലേര്‍പ്പെടുന്ന വണ്ണപ്പുറം സ്വദേശി എന്‍.എ ഏലിയാസ് 50 സെന്റില്‍ കാര്‍പ്പ് കൃഷി, സെമി ഇന്റെന്‍സീവ് നൈല്‍ തിലാപ്പിയ കൃഷിയും നടത്തുന്നു. ഇതിന് പുറമെ മത്സ്യക്കുളത്തിന്റെ മുകള്‍ ഭാഗത്ത് വലകെട്ടി പാഷന്‍ ഫ്രൂട്ട് കൃഷിയും, പുറം ബണ്ടുകളില്‍ പച്ചക്കറി കൃഷിയും നടത്തി അധിക വരുമാനവും ഏലിയാസ് കണ്ടെത്തുന്നുണ്ട്.
15 വര്‍ഷമായി മത്സ്യകൃഷി ചെയ്യുന്ന 62 വയസ്സുകാരന്‍ കഞ്ഞിക്കുഴി സ്വദേശി ടി.ടി കുര്യാക്കോസ് മത്സ്യകര്‍ഷകമിത്രം കണ്‍വീനറും മത്സ്യ കര്‍ഷക വികസന ഏജന്‍സി ജില്ലാ കമ്മിറ്റി അംഗവുമാണ്.