പീരുമേട് മണ്ഡലത്തിലെ ദുരന്തനിവാരണവുമായി ബന്ധപ്പെട്ട് വാഴൂർ സോമൻ എം.എൽ.എയുടെ അധ്യക്ഷതയിൽ അടിയന്തരയോഗം ചേർന്നു. വരും ദിവസങ്ങളിൽ ശക്തമായ മഴ മുന്നറിയിപ്പ് നിലവിലുള്ള സാഹചര്യത്തിലാണ് പീരുമേട് മണ്ഡലത്തിലെ ദുരന്തനിവാരണവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന വകുപ്പുകളുടെ അടിയന്തരയോഗം വിളിച്ചുചേർത്തത്.

ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട് പീരുമേട് താലൂക്ക് ആശുപത്രിയിൽ രണ്ട് ആർ ആർ ടീമിനെ സജ്ജമാക്കുവാനും മൂന്ന് ഐ സി യു ബെഡുകൾ മാറ്റിവെക്കുവാനും പോലീസ് വകുപ്പിൻറെ കീഴിൽ 7 അസ്‌ക്കാ ലൈറ്റുകൾ, 14 ജെ.സി.ബി യും അതിനുവേണ്ട ടിപ്പറുകളും സജീകരിക്കുവാനും അഗ്നിരക്ഷാ സേനയുടെ കീഴിൽ 35 പേരടങ്ങുന്ന റെസ്ക്യു ടീമിനെ എല്ലാവിധ സന്നാഹങ്ങളോടെയും സജ്ജീകരിക്കുവാനും യോഗത്തിൽ തീരുമാനമായി.

എസ്റ്റേറ്റ് ലയങ്ങളുടെ അറ്റകുറ്റപണികൾ ഉടനടി പൂർത്തിയാക്കി എല്ലാവിധ സുരക്ഷയും ഉറപ്പാക്കണമെന്ന് എം.എൽ.എ തോട്ടമുടമകളോട് ആവശ്യപ്പെട്ടു. എല്ലാവരും ജാഗ്രത പാലിക്കണമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ നിർദ്ദേശങ്ങൾ പാലിക്കണമെന്നും എം.എൽ.എ പറഞ്ഞു. പൂട്ടിക്കിടക്കുന്ന തോട്ടങ്ങളായ കോട്ടമല, ബോണാമി, ചീന്തലാർ, ലോണ്ട്രീ എന്നീ എസ്റേറ്റുകളിലെ ലയങ്ങളുടെ ശോചനീയാവസ്ഥയെ കുറിച്ചുള്ള സമഗ്രമായ റിപ്പോർട്ട് തയ്യാറാക്കി സർക്കാരിലേക്ക് സമർപ്പിക്കുവാൻ പ്ലന്റെഷൻ ഇൻസ്പെക്ടർക്ക് നിർദേശം നൽകി. അടിയന്തര സാഹചര്യങ്ങളിൽ 16 സ്കൂളുകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുടങ്ങുവാനുള്ള സജീകരണം ഒരുക്കിയിട്ടുണ്ടെന്ന് തഹസിൽദാർ അറിയിച്ചു.

പീരുമേട് താലൂക് ആശൂപത്രി സൂപ്രണ്ട് ഡോ അനന്ദ് മോഹൻ , തഹസിൽദാർ വിജയലാൽ, പീരുമേട് ഡിവൈഎസ്പി സനൽകുമാർ സി.വി, ഫയർഫോഴ്സ് ഉദ്യോഗസ്ഥർ, കെഎസ്ഇബി അധികൃതർ, വില്ലേജ് ഓഫീസർമാർ, പഞ്ചായത്ത് സെക്രട്ടറിമാർ, പ്ലന്റേഷൻ അധികൃതർ, തോട്ടമുടമകൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.