ജനസംഖ്യാ വര്‍ദ്ധനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും കുടുംബാസൂത്രണത്തിന്റെ പ്രാധാന്യവും ചര്‍ച്ച ചെയ്ത് ലോകജനസംഖ്യ ദിനാചരണ സെമിനാര്‍.
നാഷണല്‍ ഹെല്‍ത്ത് മിഷന്റെയും ജില്ലാ ആരോഗ്യ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ വെസ്റ്റ് തൃശൂര്‍ റോട്ടറി ഇന്റര്‍നാഷണലിന്റെ
സഹകരണത്തോടെ ജില്ലാതലത്തില്‍ സംഘടിപ്പിച്ച ലോക ജനസംഖ്യ ദിനാചരണത്തിലാണ് കുടുംബാസൂത്രണത്തിന്റെ പ്രാധാന്യം സംബന്ധിച്ച ചര്‍ച്ച ഉയര്‍ന്നുവന്നത്.

കുടുംബാസൂത്രണ മാര്‍ഗങ്ങള്‍ എന്ന വിഷയത്തെ കുറിച്ച് ജില്ലാ ആര്‍ സി എച്ച് ഓഫീസര്‍ ഡോ.ജയന്തി ടി കെ സെമിനാര്‍ നയിച്ചു.ലിംഗസമത്വം, ദാരിദ്ര്യം, ആരോഗ്യത്തിനായുള്ള അവകാശം, ലൈംഗിക വിദ്യാഭ്യാസം എന്നീ ഘടകങ്ങള്‍ ജനസംഖ്യാ നിയന്ത്രണത്തില്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്നതാണെന്ന് ഡോ.ജയന്തി ചൂണ്ടിക്കാട്ടി. ലൈംഗിക വിദ്യാഭ്യാസത്തിനൊപ്പം നേരത്തെയുള്ള വിവാഹത്തെ എതിര്‍ക്കാനും സമൂഹം പ്രാപ്തമാകണം. ഉത്തരവാദിത്വമുള്ള സ്ത്രീയോ പുരുഷനോ ആയതിനുശേഷം മാത്രം വിവാഹിതരാകുക എന്നത് ഏവരും ശ്രദ്ധിക്കേണ്ട ഒന്നാണെന്നും അവര്‍ കൂട്ടിചേര്‍ത്തു.

കുടുംബാസൂത്രണ മാർഗങ്ങൾ എങ്ങനെ സ്വീകരിക്കാൻ എന്ന വിഷയത്തിൽ
ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഇന്‍ ചാര്‍ജ്ജ് ഡോ.പ്രേമകുമാര്‍ കെ ടി വിഷയാവതരണം നടത്തി. ഗവ.വനിത പോളിടെക്‌നിക്ക് കോളേജില്‍ നടത്തിയ ജനസംഖ്യാ ദിനാചരണം മേയര്‍ എം കെ വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റര്‍ അധ്യക്ഷയായ ചടങ്ങില്‍ ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.യു ആര്‍ രാഹുല്‍, ഡെപ്യൂട്ടി ഡി.എം.ഒ മാരായ ഡോ.സതീഷ് കെ എന്‍, ഡോ.അനൂപ് ടി കെ, ജൂനിയര്‍ അഡ്മിനിസ്‌ട്രേറ്റീവ് മെഡിക്കല്‍ ഓഫീസര്‍ ഡോ.കാവ്യ കരുണാകരന്‍, കൂര്‍ക്കഞ്ചേരി എഫ് എച്ച് കെ സി മെഡിക്കല്‍ ഓഫീസര്‍ ഡോ.ജില്‍ഷോ ജോര്‍ജ്ജ്, ആര്‍ദ്രം നോഡല്‍ ഓഫീസര്‍ ഡോ.നിബില്‍, നെടുപുഴ ഗവ.വനിത പോളിടെക്നിക് പ്രിന്‍സിപ്പല്‍ ബിജു എം ജെ, വനിത സെല്‍ കോ-ഓര്‍ഡിനേറ്റര്‍ ബിന്ദു സി, ജില്ലാ എഡ്യൂക്കേഷന്‍ ആന്റ് മീഡിയ ഓഫീസര്‍ ഹരിതാദേവി ടി എ എന്നിവര്‍ പങ്കെടുത്തു.