ഓട്ടിസം, സെറിബ്രൽ പാൾസി, ബുദ്ധിമാന്ദ്യം, മൾട്ടിപ്പിൾ ഡിസബിലിറ്റി ബാധിതരുടെ അമ്മമാർക്ക് ഉപജീവനമാർഗം ഉറപ്പാക്കാനായി ഇലക്ട്രിക് ഓട്ടോ നൽകുന്ന പദ്ധതിയാണ് ‘സ്നേഹയാനം’. ഈ വിഭാഗത്തിൽ ഉള്ളവരുടെ പരിചരണവും പുനരധിവാസവും മറ്റു ഭിന്നശേഷി അനുഭവിക്കുന്നവരെ അപേക്ഷിച്ചു പ്രയാസകരമാണ്. ഭൂരിഭാഗം പേരും മറ്റുള്ളവരെ ആശ്രയിച്ചുമാത്രം കഴിയുന്നവരാണ്.
അമ്മമാരാകും മിക്കപ്പോഴും ഇവരെ പരിപാലിക്കുന്നത്. അതേസമയം കുടുംബത്തിന്റെ ഏക വരുമാനമാർഗവും ഇവർ തന്നെയായിരിക്കും. ഇങ്ങനെയുള്ള കുടുംബങ്ങളിലെ സ്ത്രീകൾക്ക് അവരുടെ കുട്ടികളെ പ്രത്യേക സ്‌കൂളുകളിലോ തെറാപ്പി സെന്ററുകളിലോ എത്തിക്കാനും മറ്റ് സമയങ്ങളിൽ ഓട്ടോ വാടകഓട്ടത്തിനായി ഉപയോഗിച്ച് വരുമാനം കണ്ടെത്താനും കഴിയുന്ന സാഹചര്യം ഒരുക്കുകയാണ് സ്‌നേഹയാനം പദ്ധതി ലക്ഷ്യമിടുന്നത്.
ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള, നാഷണൽ ട്രസ്റ്റ് നിയമത്തിനു കീഴിൽ ഉൾപ്പെടുന്ന ഭിന്നശേഷിക്കാരുടെ അമ്മമാർക്കാണ് അപേക്ഷിക്കാനാവുക. അപേക്ഷകർ 55 വയസിൽ താഴെ പ്രായമുള്ളവരും ഭർത്താവ് ഉപേക്ഷിച്ചവരോ വിധവകളോ ആയിരിക്കണമെന്നും നിബന്ധനയുണ്ട്. മറ്റ് വരുമാനമാർഗ്ഗങ്ങൾ ഉണ്ടാകരുത്. അപേക്ഷകയ്ക്ക് മുച്ചക്ര വാഹന ലൈസൻസ് ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്. അനുവദിക്കുന്ന ഇലക്ട്രിക് ഓട്ടോ മറിച്ചുവിൽക്കാനോ കൈമാറാനോ പാടില്ലെന്ന് കർശന നിബന്ധനയുണ്ട്. ലോക്കൽ ലെവൽ കമ്മിറ്റി ചെയർമാനായ ജില്ലാ കളക്ടർ, ജില്ലാ സാമൂഹികനീതി ഓഫിസർ, എൻ.ജി.ഒ അംഗം, ജില്ലാ മെഡിക്കൽ ഓഫിസറുടെ പ്രതിനിധി എന്നിവരുൾപ്പെടുന്ന സമിതിയാണ് ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നത്.