കാലവർഷക്കെടുതിയെത്തുടർന്നുണ്ടായ ദുരന്ത നിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് താലൂക്ക് അടിസ്ഥാനത്തിൽ ഡെപ്യൂട്ടി കളക്ടർമാരെ ചുമതലപ്പെടുത്തി. പ്രളയക്കെടുതി ഏറെ രൂക്ഷമായ തിരുവനന്തപുരം താലൂക്കിൽ അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് വി.ആർ. വിനോദ്, ലാൻഡ് അക്വിസിഷൻ ഡെപ്യൂട്ടി കളക്ടർ സാം ക്ലീറ്റസ് എന്നിവർ ദുരന്ത നിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും.
ചിറയിൻകീഴ് വർക്കല – എസ്.ജെ. വിജയ, നെടുമങ്ങാട് – ക്ലമന്റ് ലോപ്പസ്, കാട്ടാക്കട – ജോൺ വി. സാമുവൽ, നെയ്യാറ്റിൻകര – ജെ. ദേവപ്രസാദ് എന്നിങ്ങനെയാണു മറ്റു ചുമതലകൾ. ദുരന്ത നിവാരണ പ്രവർത്തനങ്ങൾ വിലയിരുത്താൻ കളക്ടർ ഡോ. കെ. വാസുകിയുടെ നേതൃത്വത്തിൽ ഇന്നു രാവിലെ ഉദ്യോഗസ്ഥതല യോഗം ചേർന്നു. ജില്ലയിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും കളക്ടർ പറഞ്ഞു. ദുരന്ത നിവാരണത്തിനു പ്രത്യേകം നിയോഗിച്ച ഓഫിസർ അജിത് പാട്ടീൽ, സബ് കളക്ടർ കെ. ഇമ്പശേഖർ, അസിസ്റ്റന്റ് കളക്ടർ പ്രിയങ്ക, എ.ഡി.എം. വി.ആർ. വിനോദ്, റെവന്യൂ ഉദ്യോഗസ്ഥർ, മറ്റു വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.