സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും തൊഴിലുറപ്പ് പദ്ധതിയിലെ പ്രവര്‍ത്തന മികവിനുള്ള മഹാത്മാ പുരസ്‌കാരം നേടി മുന്നേറുകയാണ് നെടുമ്പ്രം ഗ്രാമപഞ്ചായത്ത്. കഴിഞ്ഞ വര്‍ഷം പഞ്ചായത്തിലെ 500 തൊഴിലുറപ്പ് തൊഴിലാളികളില്‍ 305 പേര്‍ക്ക് 100 ദിവസം തൊഴില്‍ ലഭിച്ചു. പഞ്ചായത്തില്‍ ആകെ 38,750 തൊഴില്‍ദിനങ്ങള്‍ ലഭിച്ചിട്ടുണ്ട്. പഞ്ചായത്തിന്റെ ജന സേവന പദ്ധതികളേയും പരിപാടികളെയും കുറിച്ച് പ്രസിഡന്റ് റ്റി. പ്രസന്നകുമാരി സംസാരിക്കുന്നു:

കാര്‍ഷികം
കാര്‍ഷിക മേഖലയിലെ ഉത്പാദന വര്‍ധനവിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നു. പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി വീട്ടുവളപ്പില്‍ കൃഷിത്തോട്ടം എന്ന പദ്ധതിയിലൂടെ ഗ്രോബാഗ് നിറച്ചു വീടുകളില്‍ എത്തിക്കുന്നുണ്ട്. തരിശു നിലങ്ങള്‍ കാര്‍ഷിക യോഗ്യമാക്കുന്നതിനായി സുഭിക്ഷ കേരളം, തരിശു കൃഷി എന്നീ പദ്ധതികള്‍ നടപ്പാക്കി വരുന്നു. ഇടവിള കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി ഇഞ്ചി, മഞ്ഞള്‍, ചേന, ചേമ്പ്, കാച്ചില്‍ തുടങ്ങിയവയും ഒരു കുടുംബത്തിന് പത്ത് വാഴവിത്തുകള്‍ വീതവും പഞ്ചായത്ത് വിതരണം ചെയ്തു. ക്ഷീരമേഖലയിലെ വികസനത്തിനായി പശുവിനെ വാങ്ങാന്‍ ധനസഹായവും കാലിത്തീറ്റ, ധാതുലവണ മിശ്രിതവും കര്‍ഷകര്‍ക്ക് നല്‍കുന്നു. മുട്ടക്കോഴിവിതരണവും പഞ്ചായത്തില്‍ വിജയകരമായി നടക്കുന്നുണ്ട്.

ആരോഗ്യം
ആയുര്‍വേദം, അലോപ്പതി, ഹോമിയോ ചികിത്സാ സൗകര്യവും സൗജന്യ നിരക്കില്‍ ലാബും പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നു. ബ്ലോക്കുമായി സഹകരിച്ച് പാലിയേറ്റീവ് കെയര്‍ രോഗികള്‍ക്ക് മരുന്നുള്‍പ്പെടെ ആവശ്യമായ എല്ലാ സാധനങ്ങളും വീട്ടില്‍ എത്തിച്ചു നല്‍കി വരുന്നു. കുടുംബരോഗ്യ കേന്ദ്രമാക്കുന്നതിന്റെ ഭാഗമായി പിഎച്ച്‌സി നവീകരണ പ്രവര്‍ത്തനങ്ങളും ആരംഭിച്ചു.

വിദ്യാഭ്യാസം
അങ്കണവാടികള്‍ക്കായുള്ള സംസ്ഥാന സര്‍ക്കാരിന്റെ മെയിന്റനന്‍സ് ഗ്രാന്റ് ജില്ലയില്‍ ലഭിച്ച ഏക പഞ്ചായത്താണ് നെടുമ്പ്രം. ഇതുപയോഗിച്ച് അങ്കണവാടികളിലെ അറ്റകുറ്റപ്പണികള്‍ ചെയ്തു. ഡിഗ്രി കോഴ്‌സ് പഠിക്കുന്ന എസ്സി കുട്ടികള്‍ക്ക് സൗജന്യമായി ലാപ്‌ടോപ് വിതരണവും അര്‍ഹതപ്പെട്ട 26 കുട്ടികള്‍ക്ക് കുടുംബശ്രീയുടെ വകയായി മൊബൈല്‍ ഫോണും വാങ്ങി നല്‍കി.

മാലിന്യനിര്‍മാര്‍ജനം
അടുക്കളയിലെ മലിനജലം ശേഖരിക്കുന്ന സോക്ക് പിറ്റ്, ബയോ ബിന്‍, ഒഡിഎഫ് കക്കൂസ് തുടങ്ങിയവ പഞ്ചായത്തിലെ വീടുകളില്‍ നല്‍കി. ശുചിത്വവുമായി ബന്ധപ്പെട്ട് കിണറുകളുടെ തളം കെട്ടുന്ന പ്രവര്‍ത്തനങ്ങളും ചെയ്തു. ഹരിതകര്‍മ്മസേന മെച്ചപ്പെട്ട രീതിയില്‍ എല്ലാ വാര്‍ഡിലും പ്രവര്‍ത്തിക്കുന്നുണ്ട്. മിനി എംസിഎഫില്‍ നിന്നുള്ള മാലിന്യം ശേഖരണ കേന്ദ്രത്തില്‍ വച്ച് തരംതിരിച്ച് ക്ലീന്‍ കേരളകമ്പനിക്ക്  കൃത്യമായി നല്‍കുന്നു.

ശുദ്ധജല വിതരണം
പഞ്ചായത്തിലെ എല്ലാവര്‍ക്കും കുടിവെള്ളം എത്തിക്കുക എന്ന ലക്ഷ്യത്തോടെ ജലജീവന്‍ മിഷന്റെ പദ്ധതി പ്രവര്‍ത്തനം പഞ്ചായത്തില്‍ ആരംഭിച്ചു. തോടുകളും ജലാശയങ്ങളും സംരക്ഷിക്കാനുള്ള പദ്ധതിയും പഞ്ചായത്ത് വച്ചിട്ടുണ്ട്. മണിപ്പുഴ തോട് നവീകരണത്തിനായുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു.

നേട്ടങ്ങള്‍
കൊവിഡിനെ തുടര്‍ന്ന് 2021 ജൂണ്‍ മുതല്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ 50 ഓളം ഭിന്നശേഷിക്കാരായ പാവപ്പെട്ട കുട്ടികള്‍ക്ക് സ്‌പോണ്‍സര്‍മാരുടെ സഹായത്തോടെ മധുര പലഹാര കിറ്റ്  വിതരണം ചെയ്തു വരുന്നു. സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന പാലിയേറ്റീവ് രോഗികളായ  കുടുംബങ്ങള്‍ക്കും സ്‌പോണ്‍സര്‍മാരെ കണ്ടെത്തി പഞ്ചായത്ത്  ഭക്ഷ്യകിറ്റ് വിതരണം ചെയ്യുന്നു.

മറ്റ് വികസന പ്രവര്‍ത്തനങ്ങള്‍
തെളിനീരൊഴുകും നവകേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി പഞ്ചായത്തിലെ പുത്തന്‍ തോട് കുടുംബശ്രീ, തൊഴിലുറപ്പ്, സന്നദ്ധ പ്രവര്‍ത്തകര്‍ ചേര്‍ന്ന് വൃത്തിയാക്കി.  വേങ്ങല്‍ പള്ളിപടി അതിക്കേരി തോടിന്റെ ആഴം വര്‍ധിപ്പിക്കാന്‍ ഇറിഗേഷന്‍ പദ്ധതി പ്രകാരം  യന്ത്രസഹായത്താല്‍ ചെളി നീക്കം ചെയ്യുന്ന പ്രവര്‍ത്തനങ്ങളും നടക്കുന്നു. വളരെ നാളുകളായി വഴി ഇല്ലാതെയിരുന്ന  വീട്ടുകാര്‍ക്ക് വേണ്ടിയുള്ള റോഡ് നിര്‍മാണം പൂര്‍ത്തീകരിച്ചു. പൊതു ശ്മശാനത്തിന് സ്ഥലം നേരത്തെ വാങ്ങിയിട്ടുണ്ട്. അവിടെ ആധുനിക രീതിയിലുള്ള ശ്മശാനം നിര്‍മിക്കുന്നതിനുള്ള ശ്രമത്തിലാണ് പഞ്ചായത്ത്. പഞ്ചായത്തിലെ തിരക്കേറിയ ജംഗ്ഷനില്‍ ടേക്ക് എ ബ്രേക്കിന്റെ നിര്‍മാണവും പഞ്ചായത്ത് ഓഫീസിന്റെ ഫ്രണ്ട് ഓഫീസ് നവീകരണവും പൂര്‍ത്തീകരിച്ചു. നശിച്ചു കൊണ്ടിരിക്കുന്ന പച്ചപ്പുകള്‍ സംരക്ഷിക്കാന്‍ സ്‌കൂളുകളില്‍ പച്ചത്തുരുത്ത്, തെങ്ങു വളര്‍ത്തല്‍ പരിപാലനം തുടങ്ങിയ പ്രവര്‍ത്തനങ്ങളും പഞ്ചായത്തിന്റെ മേല്‍നോട്ടത്തില്‍ നടക്കുന്നു.