ദേശീയ വായന മാസാചരണത്തിന്റെ ജില്ലാ സമാപനവും മത്സരവിജയികള്‍ക്കുള്ള സമ്മാന വിതരണവും ഇടുക്കി ജില്ലാ കലക്ടര്‍ ഷീബ ജോര്‍ജ് തോക്കുപാറ സെന്റ് സെബാസ്റ്റ്യന്‍സ് ഹൈസ്‌ക്കൂളില്‍ നിര്‍വ്വഹിച്ചു. വിശാലമായ നല്ല ചിന്തകള്‍ക്ക് വായന കൂടിയേ മതിയാകുവെന്ന് ജില്ലാ കളക്ടര്‍ കുട്ടികളെ ഓര്‍മ്മിപ്പിച്ചു. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, പി എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍, ജില്ലാ ലൈബ്രറി കൗണ്‍സില്‍, പൊതുവിദ്യാഭ്യാസ വകുപ്പ് എന്നിവയുടെ സഹകരണത്തോടെയായിരുന്നു ജൂണ്‍ 19 മുതല്‍ ദേശിയ വായന മാസാചരണ പരിപാടികള്‍ ജില്ലയില്‍ നടത്തിവന്നിരുന്നത്. വായനാ മാസാചരണത്തിന്റെ ഭാഗമായി നടത്തിയ ജില്ലാതല ക്വിസ് മത്സരത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ചെമ്മണ്ണാര്‍ സെന്റ് സേവ്യേഴ്സ് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ തീര്‍ത്ഥ എസ്. മണ്ണാളി, രണ്ടാം സ്ഥാനം കരസ്ഥമാക്കിയ തോക്കുപാറ ഗവ: യു പി സ്‌കൂളിലെ ജോന എം. സന്ദീപ്, മൂന്നാം സ്ഥാനം കരസ്ഥമാക്കിയ തോക്കുപാറ സെന്റ് സെബാസ്റ്റ്യന്‍സ് ഹൈസ്‌ക്കൂളിലെ ഹൃദു പി. രാജ് തുടങ്ങിയവര്‍ ചടങ്ങില്‍ ജില്ലാ കളക്ടറില്‍നിന്നും ഉപഹാരങ്ങള്‍ ഏറ്റുവാങ്ങി. തോക്കുപാറ സെന്റ് സെബാസ്റ്റ്യന്‍സ് ഹൈസ്‌ക്കൂളിലെ കുട്ടികള്‍ക്ക് കളക്ടറുമായി സംവദിക്കാന്‍ ചടങ്ങില്‍ അവസരമൊരുക്കി. സ്‌കൂള്‍ പി റ്റി എ പ്രസിഡന്റ് സോജന്‍ പി. ജോസഫ് അധ്യക്ഷത വഹിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എന്‍. സതീഷ് കുമാര്‍, പി എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പ്രീത് ഭാസ്‌ക്കര്‍, തോക്കുപാറ സെന്റ് സെബാസ്റ്റ്യന്‍സ് ഹൈസ്‌ക്കൂള്‍ ഹെഡ്മിസ്ട്രസ് എമിലി ജോസഫ്, അധ്യാപക പ്രതിനിധി ജോമോള്‍ എം. റ്റി തുടങ്ങിയവര്‍ സംസാരിച്ചു.