ഏറ്റവും കുറവ് പ്രീമിയം തുക അടച്ചു കൂടുതൽ ക്ലെയിം ലഭിക്കുന്ന ഇൻഷുറൻസ് പദ്ധതി ലോകത്ത് തന്നെ ആദ്യമായി നടപ്പിലാക്കുന്നത് കേരള സർക്കാരായിരിക്കുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ. എന്‍. ബാലഗോപാൽ. ഇതര കമ്പനികൾ പ്രായപരിധിയിലും ആരോഗ്യവസ്ഥയിലും നിബന്ധന വയ്ക്കുമ്പോൾ അതൊന്നുമില്ലാതെയാണ് സംസ്ഥാന സർക്കാർ മെഡിസെപ് നടപ്പാക്കിയത്.

ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ മെഡിസെപ് ഇന്‍ഷുറന്‍സിന്റെ ജില്ലാതല ഉദ്ഘാടനം കട്ടപ്പന സഹകരണ ആശുപത്രിയിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

മെഡിസെപ് പദ്ധതിയിലൂടെ ക്യാഷ് ലെസ്സ് ചികിത്സയാണ് സർക്കാർ നടപ്പിലാക്കുന്നത്. സാധാരണ ലഭിക്കുന്ന ഇൻഷുറൻസ് തുകയേക്കാൾ അഞ്ചിരട്ടി തുകയുടെ ചികിത്സ സഹായം ജനങ്ങൾക്ക്‌ ലഭിക്കും. നിലവിൽ 11.35 ലക്ഷം പേര് മെഡിസെപ് അംഗങ്ങളായിക്കഴിഞ്ഞു. അത്യപൂർവ രോഗങ്ങൾ ബാധിച്ച് ചികിത്സ വേണ്ടി വരുന്നവർക്കായി 35 കോടി രൂപയും സർക്കാർ ബജറ്റിൽ മാറ്റിവെച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സാമ്പത്തികമായി പിന്നോക്കമുള്ള 42 ലക്ഷം കുടുംബങ്ങൾ സ്റ്റേറ്റ് ഹെൽത്ത് ഇൻഷുറൻസ് പദ്ധതിയിൽ ഗുണഭോക്താക്കായി ഉണ്ട്. ഇത് കൂടാതെ 1.5 കോടി ആളുകൾക്ക് സംസ്ഥാനസർക്കാരിന്റെ വിവിധ ക്ഷേ പെൻഷനുകളും ലഭിക്കുന്നുണ്ട്.
വരും വർഷങ്ങളിൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ തൊഴിലാവസരങ്ങൾ സൃഷ്ടിക്കുമെന്നും മൂല്യ വർധിത ഉൽപ്പന്നങ്ങളുടെ ഉത്പാദനം വർധിപ്പിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

നിലവിലെ സാഹചര്യത്തിൽ സംസ്ഥാനത്തെ ഒരു സുപ്രധാന കാൽവയ്‌പ്പാണ് മെഡിസെപ് പദ്ധതിഎന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ചുകൊണ്ട് ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ അഭിപ്രായപ്പെട്ടു. മെഡിക്കൽ ചെക് അപ്പ്‌ ഇല്ലാതെ സമ്പൂർണ പരിരക്ഷ നൽകുന്ന പദ്ധതിയാണിതെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാര്‍, പെന്‍ഷന്‍കാര്‍, ആശ്രിതര്‍ എന്നിവര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുന്നതിനായി സര്‍ക്കാര്‍ തലത്തില്‍ നടപ്പിലാക്കുന്ന ഇന്‍ഷുറന്‍സ് പദ്ധതിയാണ് മെഡിസെപ്. കട്ടപ്പന, തങ്കമണി സഹകരണ ആശുപ്രതികളെയാണ് മെഡിസെപ് പദ്ധതിക്കായി ഹൈറേഞ്ചില്‍ നിന്നും എംപാനല്‍ ചെയ്തിട്ടുള്ളത്. ജീവനക്കാരും പെന്‍ഷന്‍കാരും അവരുടെ ആശ്രിതരും ഉള്‍പ്പെടെ സംസ്ഥാനത്തെ മുപ്പത് ലക്ഷത്തിലധികം ആളുകള്‍ക്കാണ് മെഡിസെപ് പദ്ധതിയിലൂടെ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുന്നത്.

കട്ടപ്പന സഹകരണ ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ എം എല്‍ എ മാരായ എം എം മണി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പ്, ജില്ലാ ആസൂത്രണ സമിതി ഉപാദ്ധ്യക്ഷന്‍ സി. വി. വര്‍ഗീസ്, സഹകരണ ആശുപത്രി പ്രസിഡന്റ് കെ. ആര്‍. സോദരന്‍, വിവിധ രാഷ്ട്രീയ സാമൂഹിക സംഘടന നേതാക്കള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.