ടൂറിസം ഭൂപടത്തിലെ പ്രധാന ഇടമെന്ന നിലയ്ക്ക് കുമളിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി കൂടുതല്‍ പദ്ധതികള്‍ നടപ്പിലാക്കുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ. എന്‍ ബാലഗോപാല്‍. കുമളി ഗ്രാമപഞ്ചായത്തിലെ ഇ എം എസ് വെര്‍ച്വല്‍ ട്രെയിനിങ് ആന്‍ഡ് വീഡിയോ കോണ്‍ഫറന്‍സ് ഹാള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ഓണ്‍ലൈന്‍ സെമിനാറുകളും കോണ്‍ഫറന്‍സുകളും വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ പുതിയ സാങ്കേതിക വിദ്യയെ ഫലപ്രദമായി ഉപയോഗിച്ച് സജ്ജമാക്കിയ കോണ്‍ഫറന്‍സ് ഹാള്‍ വഴി പഞ്ചായത്ത് മാതൃകപരമായ പ്രവര്‍ത്തനമാണ് കാഴ്ചവെച്ചിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ജനകീയസൂത്രണം നടപ്പിലായത്തിന്റെ ഫലമായാണ് അത്യാധുനിക സൗകര്യങ്ങളോട് കൂടിയ വികസന പ്രവര്‍ത്തനങ്ങള്‍ പഞ്ചായത്ത് തലത്തില്‍ നടപ്പിലാക്കി വരുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കുടുംബശ്രീ പ്രവര്‍ത്തനങ്ങള്‍ക്കായി 300 കോടി രൂപ സംസ്ഥാനം ഒരു വര്‍ഷത്തില്‍ മാറ്റിവച്ചിട്ടുണ്ട്. സാങ്കേതിക ജോലികള്‍കൂടി ഏറ്റെടുക്കുന്നതിന് കൂടി കുടുംബശ്രീ അംഗങ്ങളെ പ്രാപ്തമാക്കുമെന്നും മന്ത്രി പറഞ്ഞു. ചടങ്ങില്‍ വാഴൂര്‍ സോമന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു.
വെര്‍ച്വല്‍ ട്രെയിനിങ് ആന്‍ഡ് വീഡിയോ കോണ്‍ഫറന്‍സ് ഹാള്‍ സൗകര്യം ഒരുക്കുന്ന സംസ്ഥാനത്ത് ആദ്യത്തെ പഞ്ചായത്ത് ആണ് കുമളി ഗ്രാമപഞ്ചായത്ത്. 675 ചതുരശ്ര അടിയില്‍ 27 ലക്ഷം രൂപ മുതല്‍ മുടക്കിയാണ് ഹാള്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഒരേ സമയം 35 പേര്‍ക്ക് ഇരിക്കാന്‍ കഴിയും. 25 ലക്ഷം രുപ ചെലവഴിച്ചാണ് വീഡിയോ കോണ്‍ഫറന്‍സ് സംവിധാനം തയ്യാറാക്കിയിട്ടുള്ളത്. മൂന്ന് ലക്ഷം രുപ ചെലവഴിച്ച് ആര്‍ട്ട് ഗാലറിയും ഇതോടൊപ്പം സജ്ജമാക്കിയിട്ടുണ്ട്.
ലോകപ്രശസ്ത ടൂറിസ്റ്റ് ഹബ്ബായ തേക്കടിയുടെ കവാടമായ കുമളിയില്‍ നിന്നും ഏറ്റവും മികച്ച ശബ്ദ ദൃശ്യ മികവോടെ വീഡിയോ കോണ്‍ഫറന്‍സിനുള്ള അവസരം ഒരുക്കുക വഴി ടൂറിസം മേഖലയിലും അന്താരാഷ്ട്ര തലത്തിലുള്ള വാണിജ്യ വിനിമയ രംഗത്തെ വളര്‍ച്ചയും വിദ്യാഭ്യാസ രംഗത്തെ വളര്‍ച്ചയുമാണ് ഗ്രാമപഞ്ചായത്ത് ലക്ഷ്യമിടുന്നത്. ജനകീയാസൂത്രണ പ്രസ്ഥാനങ്ങള്‍ക്ക് തുടക്കം കുറിച്ച കേരളത്തിന്റെ വികസനമുന്നേറ്റത്തിന് നാഴികകല്ലായ കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രി ഇഎംഎസിന്റെ നാമത്തിലാണ് ജനകീയ ആസൂത്രണത്തിന്റെ 25 വാര്‍ഷികത്തിന്റെ ഭാഗമായാണ് വെര്‍ച്ചല്‍ കോണ്‍ഫറന്‍സ് ഹാള്‍ നാടിനു സമര്‍പ്പിച്ചത്
ചടങ്ങില്‍ കുമളി ഗ്രാമപഞ്ചായത്തിലെ ഭൂരഹിതരായ ഭവനരഹിതര്‍ക്ക് ലൈഫ് മിഷന്‍ പദ്ധതിയിലൂടെ സ്ഥലം വാങ്ങുന്നതിനുള്ള ധനസഹായത്തിന്റെ രണ്ടാം ഘട്ട ഉദ്ഘാടനം വയോധിക പാവത്തായിയ്ക്ക് രേഖ കൈമാറി മന്ത്രി നിര്‍വഹിച്ചു. കമുളി ഗ്രാമ പഞ്ചായത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള 345 ഗുണഭോക്താക്കളില്‍ നിന്നും ആദ്യ ഘട്ടത്തില്‍ 116 പേര്‍ക്ക് സ്ഥലം വാങ്ങുന്നതിനുള്ള ധനസഹായം അനുവദിച്ചു. പട്ടിക ജാതി വിഭാഗത്തിന്‍ നിന്ന് 27 ഗുണഭോക്താക്കള്‍ക്ക് 2,25,000 രൂപ വീതം 60,75,000 രൂപ ചെലവഴിച്ചു. ജനറല്‍ വിഭാഗത്തില്‍ 89 ഗൂണഭോക്താക്കള്‍ക്കായി രണ്ടു ലക്ഷം രൂപ വീതം 1.78 കോടി രൂപയും ചെലവഴിച്ചു. 2022-23 സാമ്പത്തിക വര്‍ഷം രണ്ടാം ഘട്ടമായി 69 ഗുണഭോക്താക്കള്‍ക്ക് ധനസഹായം നല്‍കുന്നതിനുള്ള നടപടി ആരംഭിച്ചെന്നും പഞ്ചായത്ത് അധികൃതര്‍ പറഞ്ഞു.
കുമളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്ശാന്തി ഷാജിമോന്‍, ജില്ലാ ആസൂത്രണ സമിതി ഉപാദ്ധ്യക്ഷന്‍ സി. വി വര്‍ഗീസ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ രാരിച്ചന്‍ നീറണാക്കുന്നേല്‍,എസ് രാജേന്ദ്രന്‍, വണ്ടിപ്പെരിയാര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. എം ഉഷ, കുമളി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി. കെ ബാബുക്കുട്ടി, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ കെ. എം സിദ്ധിഖ്, രജനി ബിജു, നോളി ജോസഫ്,വി. സി ചെറിയാന്‍, സണ്‍സി മാത്യു, ഡെയ്‌സി സെബാസ്റ്റ്യന്‍, സുലുമോള്‍ എം. എല്‍ എന്നിവരും പങ്കെടുത്തു.