പമ്പാനദിയില്‍ ജലനിരപ്പ് ഉയര്‍ന്ന് കോസ് വേ മുങ്ങി ഒറ്റപ്പെട്ടുപോയ കുരുമ്പന്‍ മൂഴി നിവാസികള്‍ക്ക് സഹായം എത്തിക്കാന്‍ അഡ്വ.പ്രമോദ് നാരായണ്‍ എംഎല്‍എയുടെ ഇടപെടല്‍. പട്ടികവര്‍ഗവകുപ്പിന്റേയും ആരോഗ്യ പ്രവര്‍ത്തകരുടെയും സഹായം അടിയന്തിരമായി എത്തിക്കണമെന്നും ഭക്ഷ്യ ധാന്യം ഉറപ്പ് വരുത്തണമെന്നും ജില്ലാപട്ടികവര്‍ഗ്ഗ വകുപ്പ് ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ സംഘം അവിടെ സന്ദര്‍ശനം നടത്തി.

അരി ഉള്‍പ്പെടെയുള്ള ഭക്ഷ്യ ധാന്യങ്ങള്‍ ഉറപ്പ് വരുത്തുകയും പച്ചക്കറി കിറ്റുകള്‍ എത്തിക്കുകയും ചെയ്തു. സ്‌കൂളില്‍ പോകാന്‍ കഴിയാത്ത കുട്ടികള്‍ക്ക് പഠനമുറികളും അവിടെ ഒരുക്കി. നിലവില്‍ സഞ്ചാരയോഗ്യമല്ലാത്ത പെരുന്തേനരുവി ചണ്ണ റോഡാണ് കുരുമ്പന്‍ മൂഴിയിലേക്ക് എത്താനുള്ള മാര്‍ഗം. അത് അടിയന്തരപ്രാധാന്യം നല്‍കി സഞ്ചാരയോഗ്യമാക്കാനും ആ പ്രദേശത്തെ വിദ്യാര്‍ത്ഥികളെ സ്‌കൂളില്‍ എത്തിക്കുന്നതിനായി ജീപ്പ് ഏര്‍പ്പെടുത്തുന്നതിനും പട്ടിക വര്‍ഗ്ഗ വകുപ്പിനും എംഎല്‍എ നിര്‍ദ്ദേശം നല്‍കി.