അരിയല്ലൂർ മിനി സ്റ്റേഡിയത്തിന്റെ നവീകരണോദ്‌ഘാടനം മന്ത്രി നിർവഹിച്ചു

പുതിയ തൊഴിൽ സാധ്യതകളുള്ള മേഖലയായി കായിക രംഗത്തെ വളർത്തുകയാണ് സംസ്ഥാന സർക്കാരിന്റെ ലക്ഷ്യമെന്ന് കായിക ഫിഷറീസ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ. വള്ളിക്കുന്ന് പഞ്ചായത്തിലെ അരിയല്ലൂർ മിനി സ്റ്റേഡിയത്തിന്റെ നവീകരണോദ്‌ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ഉന്നതവിദ്യാഭ്യാസരംഗത്ത് കായികപഠനത്തിന്റെ പ്രാധാന്യം വർധിപ്പിക്കേണ്ട സാഹചര്യമാണെന്നും കോഴിക്കോട് സർവകലാശാല ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ അതിനായുള്ള പദ്ധതികൾ നടപ്പിൽ വരുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.

കായിക വകുപ്പ് രണ്ട് മാസങ്ങൾക്ക് മുൻപ് നടത്തിയ പഠനപ്രകാരം 45,000 കോടി രൂപയാണ് സംസ്ഥാനത്തെ കായികമേഖലയിൽ ഉണ്ടായ നിക്ഷേപം.സംസ്ഥാനത്തിന്റെ സാമ്പത്തിക രംഗത്തിന്റെ ഭാഗമായി കായിക മേഖലയെ മാറ്റിയെടുക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു .ഇതിനായി കേരള സ്പോർട്സ് ഇക്കോണമി മിഷൻ എന്ന പദ്ധതി വൈകാതെ നടപ്പിൽ വരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.അഞ്ചു വർഷത്തിനുള്ളിൽ 20 ലക്ഷം തൊഴിലവസരങ്ങൾ എന്ന ലക്ഷ്യത്തിലേക്കെത്തിച്ചേരാൻ എല്ലാ വകുപ്പുകളും ഒത്തൊരുമിച്ചു പ്രവർത്തിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.പി. അബ്ദുൽ ഹമീദ് എം.എൽ.എ അധ്യക്ഷനായി. ചടങ്ങിൽ മാതൃകാപരമായ പ്രവർത്തങ്ങൾ കാഴ്ച വച്ച് മുന്നേറുന്ന വള്ളിക്കുന്ന് പഞ്ചായത്തിലെ ഹരിത കർമസേനയ്ക്കുള്ള വാഹനത്തിന്റെ താക്കോൽ ദാനവും മന്ത്രി നിർവഹിച്ചു.

20 വർഷങ്ങൾക്കുമുമ്പ് വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് വാങ്ങിയ ഒന്നരയേക്കർ സ്ഥലത്താണ് സ്റ്റേഡിയത്തിന്റെ നവീകരണം ആരംഭിക്കുന്നത്. നിർമാണചെലവിലേക്ക് 25 ലക്ഷം രൂപയാണ് പഞ്ചായത്ത്‌ നീക്കിവെക്കുന്നത്. കായികപാരമ്പര്യമുള്ള പഞ്ചായത്തിൽ കഴിഞ്ഞ അവധിക്കാലത്ത് സമഗ്ര കായികപരിശീലന പദ്ധതി നടപ്പിലാക്കിയിരുന്നു.

ചടങ്ങിൽ പഞ്ചായത്ത് പ്രസിഡൻ്റ് എ. ഷൈലജ , വൈസ് പ്രസിഡൻ്റ് മനോജ് കോട്ടാശ്ശേരി, വികസന സമിതി അധ്യക്ഷൻമാരായ എ.കെ രാധ, പി. എം ശശികുമാരൻ മാസ്റ്റർ, എ. പി സിന്ധു, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഉഷ ചേലക്കൽ, ആസിഫ് മസൂദ്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ വിനീഷ് പാറോൽ, കാരിക്കുട്ടി മൂച്ചിക്കൽ, അഡ്വ. രവി മംഗലശ്ശേരി, ടി കെ മുരളി എന്നിവർ സംസാരിച്ചു.