തദ്ദേശ സ്വയംഭരണ വകുപ്പിൽ ഒരു വർഷത്തിനിടെ പിഎസ് സി വഴി നടത്തിയത് 1024 നിയമനങ്ങളാണ്. മുൻപ് എൻജിനിയറിങ് വിഭാഗത്തിൽ അസിസ്റ്റൻറ് എൻജിനിയർമാരുടെയും ഓവർസിയർമാരുടെയും താത്കാലിക നിയമനവും നടന്നിരുന്നു. 296 ഓവർസിയർമാരുടെ നിയമനം പി എസ് സി വഴി നടന്നിരുന്നു. ഇതിന് പുറമേയാണ് ഇപ്പോഴത്തെ 138 പേരുടെ നിയമനം. പഞ്ചായത്തുകളിൽ 203 എൽ.ഡി ക്ലർക്ക്, 112 ഓഫീസ് അറ്റൻഡന്റുമാർ, ഗ്രാമവികസന വകുപ്പിൽ 20 ബി ഡി ഒ, 101 വി ഇ ഒ, നാഗരാസൂത്രണത്തിൽ 36 വിവിധ തസ്തികകൾ, നഗരകാര്യ വിഭാഗത്തിൽ 32 എൽ ഡി ക്ലർക്ക്, 58 മറ്റു തസ്തികകളിലും ഉൾപ്പെടെ പിഎസ് സി വഴി നിയമനം നടന്നു. നഗരസഭകളിൽ 17 ഹെൽത്ത് ഇൻസ്‌പെക്ടർ തസ്തികകളും പുതുതായി സൃഷ്ടിച്ചു.
പൊതുഭരണ വകുപ്പിൽ അധികമായി കണ്ടെത്തിയ 208 ഓഫീസ് അറ്റൻഡന്റ് തസ്തികകൾ 14 ജില്ലകളിലെയും ഗ്രാമ പഞ്ചായത്തുകളിലേക്ക് പുനർവിന്യസിച്ചു. ധനകാര്യ കമ്മീഷൻ ഗ്രാന്റിന്റെ വിനിയോഗ കാര്യങ്ങളിലും പദ്ധതി മാനേജ്‌മെന്റിലും സഹായിക്കാനായി എല്ലാ ഗ്രാമ- ജില്ലാ പഞ്ചായത്തുകളിൽ പ്രൊജക്റ്റ് അസിസ്റ്റന്റുമാരെ നിയമിച്ചു. 76 ഗ്രാമ പഞ്ചായത്തുകളിൽ അസിസ്റ്റന്റ് സെക്രട്ടറി തസ്തിക സൃഷ്ടിക്കാനുള്ള നടപടികൾ സ്വീകരിച്ച് വരികയാണ്. ഇതിന് പുറമെ എക്‌സൈസ് വകുപ്പിൽ 230 പേർക്കും പുതുതായി തൊഴിൽ നൽകിയിട്ടുണ്ട്. 31 വനിതാ സിവിൽ എക്സൈസ് ഓഫീസർമാരുടെ തസ്തികയും സൃഷ്ടിച്ചു. പട്ടികവർഗ മേഖലകളിൽ നിന്ന് സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റ് വഴി 100 തസ്തിക സൃഷ്ടിക്കുന്ന കാര്യം സർക്കാർ പരിഗണനയിലാണ്. തൊഴിലും വികസനവുമൊരുക്കി സർക്കാർ മുന്നോട്ട് കുതിക്കുകയാണെന്നും മന്ത്രി എം വി ഗോവിന്ദൻ പറഞ്ഞു.