ജൂലൈ 23ന് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ നാടിന് സമർപ്പിക്കും
250 ഏക്കറോളം വരുന്ന കൃഷി ഭൂമിയുടെ ജലസ്രോതസ്സ്. കുളിക്കാനും അലക്കാനും വിനോദത്തിനുമായി ഒരു ജനത ആശ്രയിച്ചിരുന്ന മട്ടന്നൂർ പെരിഞ്ചേരി ശ്രീ വിഷ്ണു ക്ഷേത്രക്കുളം. അഞ്ച് നൂറ്റാണ്ടിലേറെ പഴക്കമുള്ള ഈ ജലസമ്പത്ത് പുനരുദ്ധാരണത്തിലൂടെ പുതുമുഖം കൈവരിക്കുകയാണ്. രാഷ്ട്രീയ കൃഷി വികാസ് യോജന പദ്ധതിയിലൂടെ 1.98 കോടി രൂപ ഉപയോഗിച്ചാണ് കുളം നവീകരിച്ചത്. കൃഷിയിടങ്ങളിലേക്ക് വെള്ളം എത്തിക്കുകയാണ് നവീകരണത്തിന്റെ പ്രധാന ലക്ഷ്യം. കേരള ലാന്റ് ഡെവലപ്മെന്റ് കോർപറേഷൻ മുഖേനയാണ് പദ്ധതി നടപ്പാക്കിയത്. നവീകരിച്ച പെരിഞ്ചേരി ക്ഷേത്രക്കുളം ജൂലൈ 23ന് തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ നാടിന് സമർപ്പിക്കും.
2021ലാണ് നവീകരണ പ്രവൃത്തി ആരംഭിച്ചത്. 52 സെന്റിൽ 52 മീറ്റർ നീളവും 48 മീറ്റർ വീതിയുമുള്ള കുളത്തിൽ പടവുകൾ, സമീപത്തായി അലക്കു കല്ലുകൾ, ഇവിടേക്ക് വെള്ളമെത്തിക്കാനുള്ള പമ്പ് ഹൗസ്, 200 മീറ്റർ ചുറ്റുമതിൽ എന്നിവയാണ് നിർമ്മിച്ചിട്ടുള്ളത്. കൃഷി സ്ഥലത്തേക്ക് ആവശ്യമായ വെള്ളം എത്തിക്കുന്നതിന് ഡ്രൈനേജ് സംവിധാനവും ഒരുക്കി. പൊതുജനങ്ങൾക്ക് പ്രഭാത-സായാഹ്ന സവാരി നടത്താൻ കുളത്തിന് ചുറ്റും 1.5 മീറ്റർ വീതിയിൽ നടപ്പാതയും നിർമിച്ചു. വസ്ത്രം അലക്കുന്നതിന് പ്രത്യേകം സൗകര്യം ഒരുക്കിയതിനാൽ കുളം മലിനമാകില്ല. ചെളി കോരി വൃത്തിയാക്കിയതിനാൽ സമീപപ്രദേശങ്ങളിലെ കിണറുകളിലും ജലസ്രോതസ്സുകളിലും ജലനിരപ്പ് ഉയർന്നിട്ടുണ്ട്. ഇതോടെ പ്രദേശത്തെ കുടിവെള്ള ക്ഷാമത്തിന് പരിഹാരമായെന്ന് പ്രദേശവാസികൾ പറയുന്നു.