ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളിൽ അഭിമാനകരമായ നേട്ടം കൊയ്ത ചലച്ചിത്ര പ്രതിഭകളെ സഹകരണം, രജിസ്ട്രേഷൻ, സാംസ്‌കാരികം വകുപ്പ് മന്ത്രി വി.എൻ. വാസവൻ അഭിനന്ദിച്ചു. നിരവധി നേട്ടങ്ങളാണ് ഫീച്ചർ സിനിമാ വിഭാഗത്തിലും നോൺ ഫീച്ചർ വിഭാഗത്തിലും പുസ്തക വിഭാഗത്തിലും നേടാനായത്. ഏത് കലാരംഗത്തുമെന്ന പോലെ മലയാളികളായ പ്രതിഭകൾ ഏതു ഭാഷയിലും ഏതു ദേശത്തും നേട്ടത്തിന്റെ നെറുകയിലേയ്ക്ക് നടന്നു കയറുമെന്ന് ഒരിക്കൽ കൂടി തെളിയിക്കുകയാണ് ദേശീയ ചലച്ചിത്ര അവാർഡെന്നും മന്ത്രി പറഞ്ഞു.
അട്ടപ്പാടിയുടെ പ്രകൃതി ഭംഗിയെ പശ്ചാത്തലമാക്കി മനുഷ്യ മനസിലെ വികാരങ്ങൾ വികാരതീവ്രമായി അവതരിപ്പിച്ച് പ്രേക്ഷക ശ്രദ്ധ നേടിയ അയ്യപ്പനും കോശിയും മികച്ച പ്രകടനം നടത്തി. യാഥാർത്ഥ്യങ്ങൾ ആസ്വാദകരിലേയ്ക്ക് സന്നിവേശിപ്പിക്കാൻ മറ്റ് ഗായികമാരുടെ ശബ്ദത്തെ ആശ്രയിക്കാതെ തദ്ദേശവാസിയുടെ സ്വരത്തെ ആശ്രയിച്ച സംവിധായകൻ സച്ചിയുടെ തീരുമാനം ശരിയാണെന്ന് മികച്ച ഗായികയ്ക്കുള്ള പുരസ്‌കാരം നേടിയ നഞ്ചിയമ്മ തെളിയിച്ചു. സാധാരണക്കാരനായ അയ്യപ്പൻ നായരുടെ വികാര വിക്ഷോഭങ്ങൾ കൈവിട്ടു പോകാതെ ഭദ്രമാക്കി ബിജു മേനോൻ മികച്ച സഹ നടനുള്ള പുരസ്‌കാരം നേടി മലയാളത്തിന്റെ അഭിമാനം ഉയർത്തി. ആകർഷമാക്കാൻ സങ്കീർണമായ സംഘട്ടന രംഗങ്ങളാകാമായിരുന്നിട്ടും യാഥാർത്ഥ്യമെന്നത് പോലെ സംഘട്ടന രംഗങ്ങൾ അണിയിച്ചൊരുക്കിയ മാഫിയ ശശിയും അവാർഡുകളിൽ കേരളത്തിന്റെ സാന്നിദ്ധ്യം ശക്തമാക്കി. കോവിഡ് പ്രതിസന്ധിക്കിടയിലും ഒടിടിയിലൂടെ പ്രേക്ഷകരെ നേടിയ തിങ്കളാഴ്ച നിശ്ചയം നാട്ടിൻപുറത്തെ സംഭവങ്ങൾ വിവരിച്ചാണ് മികച്ച സിനിമയ്ക്കുള്ള പുരസ്‌കാരം നേടിയത്. സംവിധായകൻ പ്രസന്ന ഹെഡ്ഗെയ്ക്കും അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ. മികച്ച പ്രൊഡക്ഷൻ ഡിസൈനറായി കപ്പേളയിൽ പ്രൊഡക്ഷൻ ഡിസനറായ അനീഷ് നാടോടിയും മികച്ച വിദ്യാഭ്യാസ ചിത്രമായി നന്ദന്റെ ഡ്രീംസ് ഓഫ് വേർഡ്സും തിരഞ്ഞെടുക്കപ്പെട്ടതും നേട്ടമായി. നോൺ ഫീച്ചർ വിഭാഗത്തിൽ ജയരാജിന്റെ ശ്ബദിക്കുന്ന കലപ്പയുടെ ചിത്രീകരണം നിർവഹിച്ച നിഖിൽ എസ്. പ്രവീണും മലയാളത്തിന്റെ സാന്നിദ്ധ്യമായെന്നും മന്ത്രി പറഞ്ഞു.