*ഒരു കോടി രൂപയുടെ ബമ്പർ സമ്മാനം, ആകെ 10.5 കോടിയുടെ സമ്മാനങ്ങൾ

കെഎസ്.എഫ്.ഇയുടെ ഭദ്രത സ്മാർട്ട് ചിട്ടികൾക്കു തുടക്കമായി. നിരവധി സമ്മാനങ്ങളും ആനുകൂല്യങ്ങളും കോർത്തിണക്കി അവതരിപ്പിക്കുന്ന ഈ ചിട്ടിയിൽ ചേരുന്നവർക്കായി ഒരു കോടി രൂപ വിലമതിക്കുന്ന ഫ്‌ളാറ്റ്/ വില്ല ബമ്പർ സമ്മാനമായി നൽകും. ചിട്ടിയുടെ സംസ്ഥാനതല ഉദ്ഘാടനം ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിർവഹിച്ചു.

ബമ്പർ സമ്മാനത്തിനു പുറമെ മേഖലാതലത്തിൽ 70 ഇലക്ട്രിക് കാറുകൾ/ അല്ലെങ്കിൽ പരമാവധി 12.5 ലക്ഷം രൂപ വീതവും, 100 ഇലക്ട്രിക് സ്‌കൂട്ടർ അല്ലെങ്കിൽ പരമാവധി 75,000 രൂപ വീതവും സമ്മാനമായി ലഭിക്കും. ആകെ 10.5 കോടി രൂപയുടെ സമ്മാനങ്ങളാണ് സ്മാർട്ട് ചിട്ടിയുടെ ഭാഗമായി നൽകുന്നത്.

ചിട്ടിയുടെ ആദ്യ ലേലത്തിനു ശേഷം തിരിച്ചടവ് ശേഷിക്കനുസരിച്ചു മതിയായ ജാമ്യം സ്വീകരിച്ചുകൊണ്ട് സലയുടെ 50 ശതമാനം വരെ ചിട്ടി ലോൺ അനുവദിക്കും. പദ്ധതി കാലയളവിൽ വരിക്കാർക്ക് ഗൃഹോപകരണങ്ങൾ വാങ്ങുന്നതിനു നിലവിലുള്ള പലിശ നിരക്കിൽ രണ്ടു ശതമാനം ഇളവോടെ ചിട്ടിയിൽ അടച്ച തുകക്ക് തുല്യമായ തുക (പരമാവധി 50,000) വരെ സി.വി.എൽ. വായ്പയും നൽകും.

സംസ്ഥാന ഭാഗ്യക്കുറി വകുപ്പാണു നറുക്കെടുപ്പ് നടത്തുക. സർക്കാർ ചിട്ടിക്കും സർക്കാർ സ്ഥാപനങ്ങൾക്കും ഏറെ വിശ്വാസ്യതയുള്ള നാടാണ് കേരളമെന്ന് ഉദ്ഘാടന ചടങ്ങിൽ ധനമന്ത്രി പറഞ്ഞു. ക്യാമ്പയിനിന്റെ ഭാഗമായി പതിനായിരത്തിൽപ്പരം ചിട്ടികൾ ജനുവരി 31 ഓടെ ആരംഭിക്കാനാകുമെന്ന പ്രതീക്ഷയിലാണു കെ.എസ്.എഫ്.ഇ.
തിരുവനന്തപുരം റെസിഡൻസി ടവർ ഹോട്ടലിൽ നടന്ന ചടങ്ങിൽ കെ.എസ്.എഫ്.ഇ. ചെയർമാൻ കെ. വരദരാജൻ അധ്യക്ഷത വഹിച്ചു. മാനേജിങ് ഡയറക്ടർ വി.പി. സുബ്രഹ്‌മണ്യൻ, എസ്. മുരളീകൃഷ്ണപിള്ള, എസ്. അരുൺ ബോസ്, എസ്. വിനോദ്, അസിസ്റ്റന്റ് മാനേജർ എൻ. സരസ്വതി തുടങ്ങിയവർ പങ്കെടുത്തു.