തീരദേശമേഖലയിൽ മത്സ്യവിൽപനയും അനുബന്ധ തൊഴിലുകളും ചെയ്യുന്ന മത്സ്യത്തൊഴിലാളി വനിതകൾക്ക് സാമ്പത്തികസുരക്ഷ ഉറപ്പുവരുത്താൻ സഹായിക്കുന്ന പദ്ധതിയാണ് ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പുകൾ. 1750 മത്സ്യത്തൊഴിലാളി വനിതകളെ ഉൾക്കൊള്ളിച്ച് 350 ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പുകൾ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിലായി ആരംഭിച്ചിട്ടുണ്ട്. തലച്ചുമടായി മത്സ്യം വിൽക്കുന്ന സ്ത്രീകൾ, പീലിങ്, മത്സ്യ അനുബന്ധമേഖലയിൽ തൊഴിൽ ചെയ്യുന്ന സ്ത്രീകൾ എന്നിവരെ ഉൾപ്പെടുത്തി അഞ്ച് പേരടങ്ങുന്ന ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പുകളാണ് ആരംഭിച്ചിട്ടുള്ളത്.
ഗ്രൂപ്പ് അംഗങ്ങൾക്ക് പ്രവർത്തന മൂലധനമായി ഒരംഗത്തിന് 10,000 രൂപ വീതം ഒരു ഗ്രൂപ്പിന് 50,000 രൂപ പലിശരഹിത റിവോൾവിംഗ് ഫണ്ടായി നൽകുന്നു. തിരിച്ചടവ് പൂർത്തിയാക്കുന്ന മുറയ്ക്ക് തുക വീണ്ടും ലഭിക്കും എന്നതിനാൽ പ്രവർത്തന മൂലധനത്തിന്റെ ലഭ്യത നീണ്ടകാലത്തേക്ക് ഉറപ്പാക്കാൻ സാധിക്കും. 3135 മത്സ്യത്തൊഴിലാളി വനിതകൾക്ക് 313.50 ലക്ഷം രൂപ റിവോൾവിംഗ് ഫണ്ട് അനുവദിച്ചിട്ടുണ്ട്. റിവോൾവിംഗ് ഫണ്ട് 100 ശതമാനം തിരിച്ചടവോടെ വിജയകരമായി നടപ്പാക്കി വരുന്നു.