കിടപ്പിലായ രോഗികളെ വീടുകളിലെത്തി പരിചരിക്കുന്നതിന് പുറമെ അവരുടെ പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ കൂടി പങ്കാളിയായി മാതൃകയാവുകയാണ് പനമരം ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സാന്ത്വനം പാലിയേറ്റീവ് കെയര്‍ യൂണിറ്റ്. പനമരം റവന്യു ബ്ലോക്ക് ആരോഗ്യമേളയില്‍ പാലിയേറ്റീവ് പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സാന്ത്വനം പാലിയേറ്റീവ് കെയര്‍ യൂണിറ്റ് സംഘടിപ്പിച്ച സ്റ്റാള്‍ ശ്രദ്ധ നേടി. പാലിയേറ്റീവ് കെയറിനെക്കുറിച്ചുള്ള ബോധവത്ക്കരണവും രോഗികളും അവരുടെ കുടുംബാംഗങ്ങളും നിര്‍മ്മിച്ച ഉത്പന്നങ്ങളും സ്റ്റാളിന്റെ മുഖ്യ ആകര്‍ഷണമായി. പാലിയേറ്റീവ് രോഗികള്‍ നിര്‍മ്മിച്ച സീഡ് പെന്‍, മരം കൊണ്ടുള്ള അലങ്കാര വസ്തുക്കള്‍, കുടകള്‍ എന്നിങ്ങനെയുള്ള ഉത്പന്നങ്ങള്‍ സ്റ്റാളില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. മുന്നൂറോളം വരുന്ന ആരോഗ്യ വളണ്ടിയര്‍മാരാണ് 10 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന സാന്ത്വനം പാലിയേറ്റീവ് കെയര്‍ യൂണിറ്റിന്റെ കരുത്ത്. ഇതുവരെ അറുനൂറോളം രോഗികള്‍ക്ക് പാലിയേറ്റീവ് കെയര്‍ യൂണിറ്റിന്റെ പരിചരണം ലഭിച്ചിട്ടുണ്ട്.