കുടുംബശ്രീ ഇടുക്കി ജില്ലാ മിഷന്‍, വെള്ളത്തൂവല്‍ ഗ്രാപഞ്ചായത്ത്, കുടുംബശ്രീ, സി ഡി എസ്, ആനച്ചാല്‍ സംസ്‌ക്കാര ലൈബ്രറി എന്നിവയുടെ സഹകരണത്തോടെ ആനച്ചാലില്‍ ചക്കമഹോത്സവം സംഘടിപ്പിച്ചു. ചക്കയുടെ മേന്മയറിയാന്‍ ചക്കമഹോത്സവം എന്ന ആശയമുയര്‍ത്തി ചക്ക ഉപയോഗിച്ച് എതെല്ലാം ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുവാന്‍ കഴിയുമെന്നും അവയുടെ വിപണന സാധ്യതയെന്തെന്നും ആളുകളിലേക്കെത്തിക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ചക്ക മഹോത്സവം സംഘടിപ്പിച്ചത്. ചക്കമഹോത്സവത്തിന് ആളുകളുടെ മികച്ച പങ്കാളിത്തം ലഭിച്ചു. അഡ്വ. എ. രാജ എം എല്‍ എ ചക്ക മഹോത്സവത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. വെള്ളത്തൂവല്‍ സി ഡി എസ് ചെയര്‍പേഴ്‌സണ്‍ സ്മിതാ സാബു അധ്യക്ഷത വഹിച്ചു. ചക്ക ഉപയോഗിച്ച് നിര്‍മ്മിച്ച വിവിധ ഉത്പന്നങ്ങളുടെ വില്‍പ്പനയും പ്രദര്‍ശനവും ചക്കമഹോത്സവത്തിന്റെ ഭാഗമായി ഒരുക്കിയിരുന്നു. വെള്ളത്തൂവല്‍ ഗ്രാമപഞ്ചായത്ത് പരിധിയിലെ കുടുംബശ്രീ യൂണിറ്റുകളുടെ പങ്കാളിത്തം പരിപാടിക്ക് ലഭിച്ചു. വെള്ളത്തൂവല്‍ പഞ്ചായത്തിലെ ഒരോ വാര്‍ഡിന് ഒരോ സ്റ്റാളെന്ന നിലയില്‍ 17 സ്റ്റാളുകളായിരുന്നു ചക്ക മഹോത്സവത്തിന്റെ ഭാഗമായി ക്രമീകരിച്ചിരുന്നത്. അച്ചാര്‍, ലഡു, ബിരിയാണി, ഐസ്ക്രീം, ഉണ്ണിയപ്പം, കേക്ക് തുടങ്ങി ചക്കകൊണ്ട് നിര്‍മ്മിച്ച വിവിധങ്ങളായ ഭക്ഷ്യ വിഭവങ്ങള്‍ ചക്കമഹോത്സവത്തിന്റെ ആകര്‍ഷണീയതയായി. കൂടുതല്‍ ഇനങ്ങളെത്തിച്ച് മികച്ച വിറ്റുവരവ് നേടിയ സ്റ്റാളിന് സമ്മാനമൊരുക്കിയിരുന്നു. ചക്കയുടെ ഉത്പന്ന, വിപണന സാധ്യതകള്‍ സംബന്ധിച്ച് പരിപാടിയുടെ ഭാഗമായി ക്ലാസ് നടന്നു. ചക്കമഹോത്സവത്തിന് മുന്നോടിയായി വിളംബര റാലി നടത്തി.

ഉദ്ഘാടന ചടങ്ങില്‍ വെള്ളത്തൂവല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മഞ്ചു ബിജു, വൈസ് പ്രസിഡന്റ് അഖില്‍, മറ്റ് ഗ്രാമപഞ്ചായത്തംഗങ്ങള്‍, കുടുംബശ്രീ ജില്ലാ മിഷന്‍ അടിമാലി ബ്ലോക്ക് കോഡിനേറ്റര്‍മാര്‍, ഉദ്യോഗസ്ഥ പ്രതിനിധികള്‍, സംഘാടക സമതി ഭാരവാഹികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, സാമൂഹിക സാംസ്‌ക്കാരിക പ്രവർത്തകർ എന്നിവര്‍ സംബന്ധിച്ചു.