ജില്ലയിൽ ആഫ്രിക്കൻ പന്നിപ്പനി വൈറസ് സാന്നിധ്യം കണ്ടെത്തിയ തവിഞ്ഞാൽ ഗ്രാമപഞ്ചായത്തിലെ ഫാമിൽ പന്നികളെ ഉന്മൂലനം ചെയ്യുന്നതിനുള്ള നടപടികൾ മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ തുടങ്ങി. വൈറസ് സാന്നിധ്യം സ്ഥിരീകരിച്ച ഫാമിലെ പന്നിക്കൂട്ടിൽ നിന്ന് 80 മീറ്റർ അകലെ പന്നികളെ കുഴിച്ചുമൂടുന്നതിനുള്ള കുഴി എടുത്തിട്ടുണ്ട്. നടപടികൾ പൂർത്തിയാക്കിയ ശേഷം ഇന്ന് (ഞായർ) രാത്രിയോടെ പന്നികളെ ഉന്മൂലനം ചെയ്തു തുടങ്ങുമെന്ന് പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്ന മാനന്തവാടി സബ് കളക്ടർ ആർ. ശ്രീലക്ഷ്മി അറിയിച്ചു.

മണ്ണുത്തി വെറ്ററിനറി കോളേജിൽ നിന്നെത്തിച്ച ഇലക്ട്രിക് സ്റ്റണ്ണർ ഉപയോഗിച്ച് മൃഗങ്ങളെ ബോധം കെടുത്തിയ ശേഷമാണ് ദയാവധത്തിന് വിധേയമാക്കുക. ഇതിനായി വെറ്ററിനറി ഡോക്ടർമാർ അടങ്ങുന്ന സംഘം സജ്ജമാണ്. ആയതിനുള്ള ലൈറ്റ് അടക്കമുള്ള സജ്ജീകരണങ്ങൾ ചെയ്തിട്ടുണ്ട്. ഒരു ഇലക്ട്രിക് സ്റ്റണ്ണർ കൂടി ലഭ്യമാക്കാൻ ശ്രമിക്കുന്നുണ്ട്. 360 പന്നികളാണ് ഈ ഫാമിലുള്ളത്.

ഇൻഫെക്ടീവ് സോൺ റാപ്പിഡ് റെസ്പോൺസ് ടീം (RRT) അംഗങ്ങളും തവിഞ്ഞാൽ സോണിലെ സർവൈലൻസ് ടീം അംഗങ്ങളും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. പ്രദേശത്ത് ആവശ്യമായ ബോധവൽക്കരണവും നടത്തി വരുന്നു. സർവൈലൻസ് ടീം അംഗങ്ങൾക്ക് ആവശ്യമായ പി.പി.ഇ കിറ്റ്, ഗ്ലൗസ് ഏപ്രൺ, മാസ്ക്, ഗംബൂട്ട്സ്, അണുനാശിനികൾ ഇവയെല്ലാം ലഭ്യമാക്കിയിട്ടുണ്ട്. സർവൈലൻസ് സോണിൽ വരുന്ന വാഹനങ്ങൾ അണുനശീകരണം ചെയ്യുന്നു. പൂർണമായും പ്രോട്ടോക്കോൾ അനുസരിച്ചുള്ള നടപടികളാണ് സ്വീകരിച്ചു വരുന്നത്.

കാട്ടിക്കുളം വെറ്ററിനറി ഡിസ്പെൻസറിയിലെ വെറ്ററിനറി സർജൻ ഡോ.ജയേഷ്.വി, മാനന്തവാടി വെറ്ററിനറി പോളിക്ലിനിക്കിലെ വെറ്ററിനറി സർജൻ ഡോ.ജവഹർ.കെ എന്നിവർക്കാണ് ഇൻഫെക്ഷസ് സോണിലെ പ്രവർത്തനങ്ങൾക്കുള്ള ചുമതല. മാനന്തവാടി സോൺ പരിധിയിലെ ഏകോപനം സീനിയർ വെറ്ററിനറി സർജൻ ഡോ.ദയാൽ.എസ് നിർവഹിക്കും. മാനന്തവാടി നഗരസഭയിലെ രോഗബാധിത പ്രദേശങ്ങൾ രോഗനിരീക്ഷണം ചെയ്യുന്നതിനായി സർവൈലൻസ് ടീം മാനന്തവാടിയിലും രൂപീകരിച്ചിട്ടുണ്ട്.

ജില്ലയില്‍ മാനന്തവാടി നഗരസഭയിലെ വാര്‍ഡ് 33 ലെയും തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 15 ലെയും പന്നി ഫാമുകളിലാണ് ആഫ്രിക്കന്‍ പന്നിപ്പനിയുടെ വൈറസ് സാന്നിദ്ധ്യം കണ്ടെത്തിയത്. ഭോപ്പാലിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമല്‍ ഡിസീസ് ലാബോറോട്ടറിയിലെ സാമ്പിള്‍ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. രോഗ പ്രഭവ കേന്ദ്രത്തിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവ് രോഗബാധിത പ്രദേശമായി കണക്കാക്കിയിട്ടുണ്ട്. ഇവിടങ്ങളിലാണ് പന്നികളെ രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായി ഉന്മൂലം ചെയ്യുന്നത്. പത്ത് കിലോമീറ്റര്‍ പരിധി രോഗ നിരീക്ഷണമേഖലയായും പ്രഖ്യാപിച്ചിട്ടുണ്ട്.