സമ്പൂര്‍ണ വൈദ്യുതീകരണ പ്രവര്‍ത്തനങ്ങളില്‍ കേരളം രാജ്യത്തിന് മാതൃകയാണെന്ന് കാര്‍ഷിക വികസന-കര്‍ഷക ക്ഷേമ മന്ത്രി പി. പ്രസാദ് പറഞ്ഞു. ചേര്‍ത്തല കെ.വി.എം. എന്‍ജിനീയറിംഗ് കോളജില്‍ ഉജ്ജ്വല്‍ ഭാരത് ഉജ്ജ്വല്‍ ഭവിഷ്യ പവര്‍ @ 2047 വൈദ്യുതി മഹോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കാടിനുള്ളിലെ ഊരുകളില്‍ വരെ വൈദ്യുതി എത്തിക്കാന്‍ സംസ്ഥാനത്തെ ജനകീയ സര്‍ക്കാരുകള്‍ ജാഗ്രത പുലര്‍ത്തി. ഗാര്‍ഹിക ഉപയോഗത്തിനുള്ള വൈദ്യുതി നിരക്ക് രാജ്യത്ത് ഏറ്റവും കുറവ് കേരളത്തിലാണ്. മാറിയ സാഹചര്യത്തില്‍ പുനരുപയോഗിക്കാന്‍ കഴിയുന്ന ഊര്‍ജ്ജത്തിന്റെ ഉത്പാദനത്തിനും ഉപയോഗത്തിനും പരിഗണന നല്‍കേണ്ടതുണ്ട്-മന്ത്രി പറഞ്ഞു.
സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തിന്റെ ഭാഗമായി കേന്ദ്ര ഊര്‍ജ്ജ മന്ത്രാലയമാണ് ഉജ്ജ്വല്‍ ഭാരത് ഉജ്ജ്വല്‍ ഭവിഷ്യ പവര്‍ @ 2047 എന്ന പേരില്‍ വൈദ്യുതി മഹോത്സവം നടത്തുന്നത്. രാജ്യം ഊര്‍ജ്ജ മേഖലയില്‍ കൈവരിച്ച നേട്ടങ്ങള്‍ പൊതുജനങ്ങളിലേക്ക് എത്തിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. ജില്ലയില്‍ രണ്ടു കേന്ദ്രങ്ങളിലായി ജൂലൈ 30 വരെ നടത്തുന്ന പരിപാടിയില്‍ ലഘുചിത്രങ്ങള്‍, വീഡിയോകള്‍ എന്നിവ പ്രദര്‍ശിപ്പിക്കും.
ചടങ്ങില്‍ കെ.എസ്.ഇ.ബി. ലിമിറ്റഡ് ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ ടി.ആര്‍. രേഖ അധ്യക്ഷത വഹിച്ചു. എന്‍.പി.ടി.ഐ. ഡയറക്ടര്‍ മുത്തുസ്വാമി വിഷയാവതരണം നടത്തി.
ജില്ലാ വികസന കമ്മീഷണര്‍ കെ.എസ്. അഞ്ജു, ചേര്‍ത്തല ഇലക്ട്രിക്കല്‍ ഡിവിഷന്‍ എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ പി.എ. ആഷ, എന്‍.പി.ടി.ഐ. ഡെപ്യൂട്ടി ഡയറക്ടര്‍ എസ്. സെന്തില്‍, അസിസ്റ്റന്റ് ഡയറക്ടര്‍ അനുരാഗ് റായ്, കെ.വി.എം. എന്‍ജിനിയറിംഗ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. മഞ്ജുള ദേവാനന്ദ തുടങ്ങിയവര്‍ സംസാരിച്ചു.
വിവിധ വൈദ്യുതീകരണ പദ്ധതികളുടെ ഗുണഭോക്താക്കള്‍ അനുഭവങ്ങള്‍ പങ്കുവെച്ചു. ലഘുനാടകങ്ങളുടെയും മറ്റു കലാപരിപാടികളുടെയും അവതരണവും ഉണ്ടായിരുന്നു.