ആലപ്പുഴ: ഹരിപ്പാട് ബ്ലോക്ക് തല കര്‍ഷകസഭയും ഞാറ്റുവേല ചന്തയും രമേശ് ചെന്നിത്തല എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. മണ്ഡലത്തിലെ കാര്‍ഷിക വികസന പദ്ധതിയായ ഹരിതം ഹരിപ്പാടിന്‍റെ രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് ഉടന്‍ തുടക്കം കുറിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

കര്‍ഷക സഭകളില്‍ ഉയര്‍ന്ന വിഷയങ്ങള്‍ക്ക് പരിഹാരം കാണുന്നതിനുള്ള ചര്‍ച്ചയും വിത്തുകള്‍, പച്ചക്കറി തൈകള്‍, ഫലവൃക്ഷ തൈകള്‍, വാഴ വിത്ത്, വളങ്ങള്‍, ജൈവ കീടനാശിനികള്‍, ഗ്രോ ബാഗുകള്‍ തുടങ്ങിയവയുടെ വിപണവും ഇതോടനുബന്ധിച്ച് സംഘടിപ്പിച്ചു.

ഹരിപ്പാട് റവന്യു ടവര്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ തൃക്കുന്നപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എസ്. വിനോദ് കുമാര്‍ അധ്യക്ഷത വഹിച്ചു. വിപണന സ്റ്റാളുകളുടെ ഉദ്ഘാടനം ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് രുഗ്മിണി രാജു നിര്‍വഹിച്ചു.

ആത്മ ജില്ലാ പ്രൊജക്റ്റ് ഡയറക്ടര്‍ അനിത കുമാരി പദ്ധതി വിശദീകരിച്ചു. തൃക്കുന്നപ്പുഴ കൃഷി ഓഫീസര്‍ എസ്. ദേവിക കര്‍ഷകര്‍ക്കുള്ള പരിശീലന ക്ലാസ് നയിച്ചു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാരായ ഗിരിജാ ബായ്, ജി. സജിനി, എബി മാത്യു, ഒ. സൂസി, കാര്‍ത്തികപ്പള്ളി തഹസില്‍ദാര്‍ സജീവ്, ഹരിപ്പാട് കൃഷി അസിസ്റ്റന്‍റ് ഡയറക്ടര്‍ ലേഖ മോഹന്‍, കൃഷി ഓഫീസര്‍ ടി.എസ്. വൃന്ദ, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.