സാമൂഹിക പുരോഗതിയ്ക്ക് ഉതകുന്ന പദ്ധതികളുടെ ആസൂത്രണത്തിനും അവയുടെ പുരോഗതി വിലയിരുത്തുന്നതിനും വിവിധ സാമൂഹിക സാമ്പത്തിക മേഖലകളെ സംബന്ധിച്ച് രാജ്യവ്യാപകമായി നടത്തിവരുന്ന ദേശീയ സാമ്പിള്‍ സര്‍വേയുടെ 79-ാം പതിപ്പിന് ജില്ലയില്‍ തുടക്കമായി. സാമ്പത്തിക സ്ഥിതി വിവര കണക്ക് വകുപ്പിലെ എന്‍എസ്എസ് വിഭാഗം നടത്തുന്ന സര്‍വേയേക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി സംസ്ഥാന സാമ്പത്തിക സ്ഥിതിവിവര കണക്ക് വകുപ്പ് പുറത്തിറക്കിയ ലഘുലേഖ പ്രകാശനം ചെയ്ത് ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ് സാമ്പിള്‍ സര്‍വ്വെ കലക്ട്രേറ്റില്‍ ഉദ്ഘടനം ചെയ്തു.

2022 ജൂലൈ ഒന്നിന് ആരംഭിച്ച് 2023 ജൂണ്‍ 30 ന് അവസാനിക്കുന്ന തരത്തിലാണ് 79-ാം റൗണ്ട് നാഷണല്‍ സാമ്പിള്‍ സര്‍വേ സംഘടിപ്പിച്ചിട്ടുള്ളത്. ഭാരത സര്‍ക്കാരിന്റെ സ്ഥിതിവിവരക്കണക്ക് പദ്ധതി നിര്‍വഹണ മന്ത്രാലയമാണ് സര്‍വേയുടെ നടത്തിപ്പുകാര്‍. ദേശവ്യാപകമായി നടത്തിവരുന്ന ഈ സര്‍വേയിലൂടെ സംസ്ഥാന തലത്തിലുള്ള വിവരങ്ങള്‍ മാത്രമേ ലഭ്യമായിരുന്നുള്ളു. ജില്ലാ തലത്തിലുള്ള വിവരങ്ങള്‍ കൂടി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് മറ്റ് സംസ്ഥാനങ്ങളോടൊപ്പം കേരളവും സര്‍വേയില്‍ പങ്കുചേര്‍ന്നിരിക്കുന്നത്. സംസ്ഥാനത്ത് സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പാണ് സര്‍വേ നടത്തുന്നത്. 1950 ല്‍ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവാണ് നാഷണല്‍ സാമ്പിള്‍ സര്‍വേയ്ക്ക് രൂപം നല്‍കിയത്.

ദേശീയ സാമ്പിള്‍ സര്‍വേയുടെ വിഷയപരിധി

1950-ല്‍ ആരംഭിച്ച ഈ സര്‍വേയിലൂടെ രാജ്യത്തിന്റെ സാമൂഹിക സാമ്പത്തിക ഘടനയെ കുറിച്ച് പഠനങ്ങള്‍ നടത്തുന്നതിനായി വിവിധ വിഷയങ്ങളെക്കുറിച്ച് വിവിധ റൗണ്ടുകളിലൂടെ വിവരങ്ങള്‍ ശേഖരിക്കുന്നു.
കൈവശഭൂമി, കന്നുകാലി സമ്പത്ത്, കുടബാധ്യത, നിക്ഷേപം, വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം എന്നിവയുടെ സാമൂഹിക ഉപഭോഗം. കുടുംബ ഉപഭോഗ ചെലവുകള്‍. തൊഴിലും തൊഴിലില്ലായ്മയും, അസംഘടിത മേഖലയിലെ കാര്‍ഷികേതര സംരംഭങ്ങള്‍, കുടിവെള്ളം, ശുചിത്വം, പാര്‍പ്പിടസ്ഥിതി ഭിന്നശേഷിക്കാരുടെ അവസ്ഥ, കേന്ദ്രമന്ത്രാലയങ്ങള്‍ക്കും സംസ്ഥാന സര്‍ക്കാരുകള്‍ക്കും മറ്റ് ഗവേഷണ സ്ഥാപനങ്ങള്‍ക്കും ആവശ്യമായ വിവരങ്ങള്‍ എന്നിവയാണ് ദേശീയ സാമ്പിള്‍ സര്‍വേയുടെ വിഷയപരിധിയില്‍ വരുന്നത്.

നടപ്പു സര്‍വേ

ആഗോള സുസ്ഥിര വികസന സൂചികകളുടെ അടിസ്ഥാനത്തിലുള്ള വിവരങ്ങള്‍ (കോംഫ്രിഹെന്‍സീവ് ആന്വല്‍ മോഡുലാര്‍ (സിഎഎംഎസ്) സര്‍വേയിലൂടെയും, 2030 ഓടെ രാജ്യം സ്വീകരിക്കേണ്ട ആരോഗ്യ നയം രൂപീകരിക്കുന്നതിനുള്ള വിവരങ്ങള്‍ ആയുഷ് സര്‍വേയിലൂടെയും ശേഖരിക്കുവാനാണ് ലക്ഷ്യമിട്ടിട്ടുള്ളത്.

2030- ല്‍ രാജ്യം കൈവരിക്കേണ്ട സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ സൂചികകള്‍ തയ്യാറാക്കുന്നതിനു വേണ്ടി ആരോഗ്യം, കുടിവെള്ളം, ശുചിത്വ സേവനങ്ങള്‍ ഉപയോഗിക്കുന്നവരുടെ വിവരങ്ങള്‍, കമ്പ്യൂട്ടര്‍, മൊബൈല്‍ ടെലിഫോണ്‍, സ്മാര്‍ട്ട്‌ഫോണ്‍ ലാപ്‌ടോപ്പ് ഇന്റര്‍നെറ്റ് എന്നിവയുടെ ഉപയോഗം, ബാങ്ക് വിവരങ്ങള്‍, ജനനം രജിസ്റ്റര്‍ ചെയ്ത അഞ്ച് വയസ്സിന് സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ ശരാശരി ദൈര്‍ഘ്യം, ഔപചാരിക അനൗപചാരിക വിദ്യാഭ്യാസത്തിലും പരിശീലനത്തിലും യുവാക്കളുടേയും മുതിര്‍ന്നവരുടേയും പങ്കാളിത്തം, പൊതുഗതാഗത സൗകര്യം തുടങ്ങിയ വിവരങ്ങളാണ് സര്‍വേയിലൂടെ ശേഖരിക്കുന്നത്.
ഇന്ത്യയിലെ വിവിധ ചികിത്സാരീതികളെ സംയോജിപ്പിച്ചു കൊണ്ട് 2014 -ല്‍ ഇന്ത്യാ ഗവണ്‍മെന്റ് ആയുഷ് മന്ത്രാലയം രൂപീകരിക്കുകയുണ്ടായി. ആയുര്‍വേദം, യോഗ, പ്രകൃതി ചികിത്സ, യുനാനി, സിദ്ധ, ഹോമിയോപ്പതി തുടങ്ങിയ ചികിത്സാ രീതികളുടെ സംക്ഷിപ്തമാണ് ആയുഷ്. ‘മിനിസ്ട്രി ഓഫ് ആയുഷ് ‘ നിലവില്‍ വന്നതിനുശേഷം ആയുഷിനെ കുറിച്ച് പൂര്‍ണമായ സര്‍വേ നടന്നിട്ടില്ല. ഈ സര്‍വേയുടെ പ്രധാനലക്ഷ്യം ആയുഷ് ചികിത്സാ രീതികളെക്കുറിച്ച് പൊതു ജനങ്ങള്‍ക്കുള്ള അറിവും, എത്രമാത്രം ജനങ്ങളാണ് ചികിത്സാരീതികള്‍ അവലംബിക്കുന്നത് എന്നറിയുകയും അതുവഴി ചികിത്സാരീതികളുടെ മേന്മയും പോരായ്മകളും മനസിലാക്കി കൂടുതല്‍ ജനകീയമാക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കുക എന്നതുമാണ്. സര്‍വേയിലൂടെ ശേഖരിക്കുന്ന വിവരങ്ങള്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിനായി ഉപയോഗിക്കുന്നു.

വിവര ശേഖരണം

സര്‍വേയ്ക്ക് വേണ്ടി പ്രത്യേകം തയ്യാറാക്കിയ ഫോറങ്ങളിലൂടെ വിവരശേഖരണം നടത്തുന്നത് വകുപ്പിലെ ഉദ്യോഗസ്ഥരാണ്. ഈ ഉദ്യോഗസ്ഥര്‍ ശാസ്ത്രീയ മാര്‍ഗ്ഗങ്ങളിലൂടെ തിരഞ്ഞെടുക്കുന്ന നഗരഗ്രാമ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് പാര്‍പ്പിടങ്ങളുടെയും, പാര്‍പ്പിട നിവാസികളുടെയും പട്ടിക തയ്യാറാക്കി, തിരഞ്ഞെടുക്കുന്ന കുടുംബങ്ങളില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കും.
ഏതെങ്കിലും വ്യക്തിയില്‍ നിന്നോ കുടുംബത്തില്‍ നിന്നോ സ്ഥാപനത്തില്‍ നിന്നോ ഇത്തരം സര്‍വേകളിലൂടെ ശേഖരിക്കുന്ന വ്യക്തിഗത വിവരങ്ങള്‍ പൂര്‍ണ്ണമായും രഹസ്യമായി സൂക്ഷിക്കും. അവ മറ്റാര്‍ക്കും നല്‍കില്ല. സര്‍വ്വെയ്ക്കെത്തുന്ന ഉദ്യോഗസ്ഥരോട് ജനങ്ങള്‍ സഹകരിക്കണമെന്നും ജില്ലാ കളക്ടര്‍ അഭ്യര്‍ത്ഥിച്ചു.