കാലത്തിന്റെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞുള്ള വികസനപ്രവര്‍ത്തനങ്ങളാണ് വൈദ്യുതി വകുപ്പ് നടത്തുന്നതെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പത്തനംതിട്ട ഗീതാജ്ഞലി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ഉജ്ജ്വലഭാരതം ഉജ്ജ്വല ഭാവി പവര്‍@2047 വൈദ്യുത മഹോത്സത്തിന്റെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് സമ്പൂര്‍ണ വൈദ്യുതവത്ക്കരണം എന്നത് ലക്ഷ്യമിട്ട് കൃത്യമായ ആസൂത്രണത്തോടെയുള്ള പദ്ധതികളാണ് നടപ്പാക്കിയത്. ഈ ഘട്ടത്തിലാകട്ടെ ഗുണനിലവാരമുള്ള വൈദ്യുതി എല്ലാവര്‍ക്കും ലഭ്യമാക്കുകയെന്നതാണ് ലക്ഷ്യം. അതിനോടൊപ്പം പുരപ്പുറ സോളാര്‍ പദ്ധതികള്‍ പോലെയുള്ള സമാന്തരമായ ഊര്‍ജവിതരണപദ്ധതിയും, ചാര്‍ജിംഗ് സ്റ്റേഷനുകളും നടപ്പിലാക്കി വരുന്നുവെന്നും മികച്ച രീതിയില്‍ ജനകീയ പ്രവര്‍ത്തനമാണ് കെഎസ്ഇബി സംസ്ഥാനത്തുടനീളം നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.

ഊര്‍ജരംഗത്ത് നമ്മുടെ സംസ്ഥാനം വലിയ മുന്നേറ്റമാണ് കൈവരിച്ചതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച് സംസാരിച്ച ആന്റോ ആന്റണി എംപി പറഞ്ഞു. എല്ലാ മേഖലകളിലേയും നേട്ടം ഊര്‍ജരംഗത്ത് കൈവരിച്ച നേട്ടത്തിന്റെ അടിസ്ഥാനത്തിലാണെന്നും ജില്ലയെ സംബന്ധിച്ചിടത്തോളം വൈദ്യുതവത്ക്കരണത്തില്‍ ഏറെ മുന്നോട്ട് പോയി കഴിഞ്ഞുവെന്നും എംപി പറഞ്ഞു.
പരിപാടിയില്‍ ഊര്‍ജ്ജരംഗത്തെ നേട്ടങ്ങള്‍ വ്യക്തമാക്കുന്ന വീഡിയോ പ്രദര്‍ശനവും എക്‌സിബിഷനും കലാസാംസ്‌കാരിക പരിപാടികളും നടന്നു. ചടങ്ങില്‍ കെഎസ്ഇബിഎല്‍ ഡെപ്യുട്ടി ചീഫ് എഞ്ചിനീയര്‍ ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ വിഎന്‍ പ്രസാദ് വിഷായവതരണം നടത്തി.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍, നഗരസഭാ ചെയര്‍മാന്‍ അഡ്വ. ടി. സക്കീര്‍ ഹുസൈന്‍, ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ. ഇന്ദിരാദേവി, പിഎഫ്‌സി ലിമിറ്റഡ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ വി. പാക്കിരി സ്വാമി, കെഎസ്ഇബിഎല്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ പി.എന്‍. അശോക് തുടങ്ങിയവര്‍ പങ്കെടുത്തു.