പ്ലാന്‍ സ്പേസില്‍ വിവരങ്ങള്‍ സമര്‍പ്പിക്കുന്നതിന് പരിശീലനം ലഭിക്കാത്തവര്‍ ജില്ലാ പ്ലാനിങ് ഓഫീസുമായി ബന്ധപ്പെട്ട് പരിശീലനം നേടി സമയബന്ധിതമായി ജില്ലാ ആസൂത്രണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ജില്ലാ പ്ലാനിങ് ഓഫീസിന് സമര്‍പ്പിക്കണമെന്ന് ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ് ആവശ്യപ്പെട്ടു. സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന ആഘോഷപരിപാടികള്‍ ബന്ധപ്പെട്ട വകുപ്പുകളും ജനപ്രതിനിധികളുമായ് മുന്‍കൂട്ടി ആലോചിച്ച് നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ സംഘടിപ്പിക്കണം. പരിപാടികള്‍ ഡോക്യുമെന്റ് ചെയ്ത് സൂക്ഷിക്കണം. മാധ്യമങ്ങളിലൂടെ ജനങ്ങളിലെത്തിക്കുന്നതിനും നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കണം. പ്ലാസ്റ്റിക് നിരോധിച്ച സാഹചര്യത്തില്‍ സര്‍ക്കാര്‍ പരിപാടികളില്‍ പ്ലാസ്റ്റിക് ഉപയോഗിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും ജില്ലാ വികസന സമിതി യോഗത്തില്‍ ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചു. ഓഗസ്റ്റ് 11 മുതല്‍ 15 എല്ലാ ഓഫീസുകളും പ്രകാശം കൊണ്ട്അലങ്കരിച്ച് 15 ന് എല്ലാ ഓഫീസുകളിലും ദേശീയ പതാക ഉയര്‍ത്തണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നു ജില്ലാ കളക്ടര്‍ അറിയിച്ചു.

ജില്ലാ വികസന സമിതി യോഗം ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ്ജിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലാണ് ചേര്‍ന്നത്. ജില്ലയിലെ വിവിധ മേഖലകളിലെ പ്രശ്നങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തു. ഇടമലക്കുടിയിലേക്ക് പോകുന്ന റോഡില്‍ പലയിടത്തും മണ്ണിടിഞ്ഞു സഞ്ചാര തടസ്സം നേരിടുന്നുണ്ട്. അത് എത്രയും വേഗം സഞ്ചാരയോഗ്യമാക്കി തീര്‍ക്കാന്‍ വനം വകുപ്പിനോട് ജില്ലാ വികസന സമിതി യോഗം അവശ്യപ്പെട്ടു.
വന്യ മൃഗങ്ങള്‍ കൃഷിയിടങ്ങളില്‍ ഇറങ്ങുന്നത് തടയാന്‍ സോളാര്‍ ലൈറ്റുകള്‍ ഫലപ്രദമാണെന്ന് പരീക്ഷണാടിസ്ഥാനത്തില്‍ സ്ഥാപിച്ചതില്‍ നിന്ന് മനസ്സിലാക്കുന്നതെന്ന ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ നിര്‍ദ്ദേശം പരിശോധിച്ച് ഇത് വ്യാപിക്കാനുള്ള സാധ്യത പരിശോധിക്കണം. ബന്ധപ്പെട്ട വകുപ്പുകള്‍ കൂടുതല്‍ പഠനം നടത്തണം. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തിയ റോഡുകള്‍ മഴക്കാലത്ത് നശിച്ചു പോകുന്നത് കൂടുതലും മരച്ചില്ലകളില്‍ നിന്നും റോഡിലേക്ക് വെള്ളം വീഴുന്നതിനാലാണ്. അതു പരിഹരിക്കാന്‍ റോഡിലേക്ക് ചാഞ്ഞു നില്‍ക്കുന്ന മരച്ചില്ലകള്‍ വെട്ടി മാറ്റാന്‍ നടപടി സ്വീകരിക്കണം. ഇടമലക്കുടിയില്‍ ബിഎസ്എന്‍എല്‍ ടവര്‍ സ്ഥാപിക്കുന്നതിന്റെ നിലവിലെ തടസ്സങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തു. മറയൂര്‍ കാന്തല്ലൂര്‍ ആശുപത്രികളില്‍ കിടത്തി ചികിത്സയ്ക്ക് പ്രാധാന്യം നല്‍കണം. ലയങ്ങളുടെ ശോചനീയാവസ്ഥ പരിഹരിക്കാന്‍ വേണ്ട നടപടികള്‍ തൊഴില്‍ വകുപ്പ് സ്വീകരിക്കണം. അന്യ സംസ്ഥാന തൊഴിലാളികളുടെ കണക്കെടുപ്പ് ലേബര്‍ വകുപ്പ് കൃത്യമായി നിര്‍വഹിക്കണം. ഇവരുടെ മക്കള്‍ക്ക് പഠിക്കാനും മറ്റുമുള്ള സാഹചര്യങ്ങള്‍ ഉണ്ടോയെന്നു പരിശോധിക്കണം.

ജില്ലയുടെ വിവിധ ഭാഗങ്ങളിലെ പട്ടയവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണണം. ജലജീവന്‍ മിഷന്റെ വാട്ടര്‍ കണക്ഷന്‍ പുരോഗതിയും യോഗത്തില്‍ വിലയിരുത്തി. 2024 ഓടെ പൂര്‍ത്തിയാക്കുന്ന പദ്ധതിയുടെ സര്‍വേ ഓഗസ്റ്റില്‍ പൂര്‍ത്തിയാകും. ഇതിന്റെ സ്ഥലമെറ്റെടുപ്പ് സംബന്ധിച്ച പഞ്ചായത്ത് പ്രസിഡന്റുമാരുടെ യോഗം ഓഗസ്റ്റ് 6 ന് കൂടുമെന്നും പ്രൊജക്റ്റ് കോര്‍ഡിനേറ്റര്‍ പറഞ്ഞു.

ലാന്‍ഡ് റവന്യു ജോയിന്റ് കമ്മീഷണറായി സ്ഥലം മാറി പോകുന്ന ജില്ലാ വികസന കമ്മീഷണര്‍ അര്‍ജുന്‍ പാണ്ഡ്യനെ ജില്ലാ വികസന സമിതി യോഗം മൊമെന്റോ നല്‍കി ആദരിച്ചു. ജില്ലാ വികസന സമിതി യോഗത്തില്‍ ഓരോ മാസവും കൈക്കൊള്ളുന്ന തീരുമാനങ്ങളും നിര്‍ദ്ദേശങ്ങളും നടപ്പിലാക്കുന്നുണ്ടോ എന്ന് പരിശോദിക്കുന്നതിന് സ്ഥിരം സംവിധാനം ഉണ്ടാകണമെന്ന ഡീന്‍ കുര്യാക്കോസ് എം പി യുടെ പ്രമേയം ജില്ലാ പ്ലാനിങ് ഓഫീസര്‍ യോഗത്തില്‍ അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ്, വൈസ് പ്രസിഡന്റ് ഉഷാകുമാരി മോഹന്‍ കുമാര്‍, ജില്ലാ വികസന കമ്മീഷണര്‍ അര്‍ജുന്‍ പാണ്ഡ്യന്‍, എഡിഎം ഷൈജു പി. ജേക്കബ്, ജില്ലാ പ്ലാനിങ് ഓഫീസര്‍ ഡോ സാബു വര്‍ഗീസ് യോഗത്തില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.