തൊഴിലന്വേഷകര്‍ക്ക് തൊഴില്‍ കണ്ടെത്തുന്നതിനും സ്വയം സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങളാണ് തൊഴില്‍ മേളയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ജില്ലാതല മെഗാ ജോബ് ഫെയര്‍ 2022 ന്റെ ഉദ്ഘാടനം തിരുവല്ല എംജിഎംഎച്ച്എസ് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കുടുംബശ്രീ മുഖേന നടത്തിയ സര്‍വേയിലൂടെ ജില്ലയിലെ തൊഴിലന്വേഷകരുടെ എണ്ണം കണക്കാക്കിയിരുന്നു. ഇതിനെതുടര്‍ന്നാണ് വിവിധസ്ഥാപനങ്ങളെയും കമ്പനികളെയും ഒരുമിപ്പിച്ച് തൊഴില്‍മേള സംഘടിപ്പിച്ചത്. ഒരു വീട്ടില്‍ ഒരാള്‍ക്ക് എങ്കിലും പൊതു ഉപജീവനമാര്‍ഗം സാധ്യമാക്കുന്നതിനായി എല്ലാ വകുപ്പുകളെയും ഉള്‍പ്പെടുത്തി പുതുതായി നല്‍കാന്‍ കഴിയുന്ന തൊഴിലവസരങ്ങള്‍ കണക്കാക്കിയുള്ള പ്രവര്‍ത്തനങ്ങളും നടക്കുന്നു. അടിസ്ഥാന സൗകര്യവികസനം ഉറപ്പാക്കുന്നതിനൊപ്പം പൊതുജീവിത സാഹചര്യം മെച്ചപ്പെടുത്തുന്നതിനാണ് സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നതെന്നും മന്ത്രി പറഞ്ഞു.

സമൂഹത്തില്‍ നിലനില്‍ക്കുന്ന മറ്റ് തൊഴില്‍ സാധ്യതകളും തൊഴിലന്വേഷകര്‍ ഉപയോഗിക്കണമെന്നും ഇത്തരം സാധ്യതകള്‍ മുന്നോട്ടുവയ്ക്കുന്നതിന് തൊഴില്‍ മേളയിലൂടെ സാധിക്കണമെന്നും യോഗത്തില്‍ അധ്യക്ഷത വഹിച്ച അഡ്വ. മാത്യു ടി.തോമസ് എംഎല്‍എ പറഞ്ഞു. കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ അഭിലാഷ് ദിവാകര്‍ പദ്ധതി വിശദീകരിച്ചു. തിരുവല്ല നഗരസഭാ ചെയര്‍പേഴ്‌സണ്‍ ശാന്തമ്മ വര്‍ഗീസ്,  അടൂര്‍ നഗരസഭാ ചെയര്‍മാന്‍ ഡി. സജി, പന്തളം നഗരസഭാ ചെയര്‍പേഴ്‌സണ്‍ സുശീലാ സന്തോഷ്, തിരുവല്ല നഗരസഭാ വൈസ് ചെയര്‍മാന്‍ ജോസ് പഴയിടം, എംജിഎം എച്ച്എസ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പി.കെ. തോമസ്, വിവിധ രാഷ്ട്രീയപാര്‍ട്ടിപ്രതിനിധികളായ അഡ്വ. പ്രദീപ് മാമ്മന്‍ മാത്യു, ജേക്കബ് ജോര്‍ജ് മനയ്ക്കല്‍, ഷിനു ഈപ്പന്‍, ശ്രീനിവാസ് പുറയാറ്റ്, സിഡിഎസ് ചെയര്‍പേഴ്‌സണ്‍മാരായ ഉഷാ രാജേന്ദ്രന്‍, ഇന്ദിരാ ഭായ്, വി.എ. രാജലക്ഷ്മി, പൊന്നമ്മ ശശി തുടങ്ങിയവര്‍ പങ്കെടുത്തു.

സംസ്ഥാന സര്‍ക്കാരിന്റെ എന്റെ തൊഴില്‍ എന്റെ അഭിമാനം പദ്ധതിയുടെ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനായി തിരുവല്ല പത്തനംതിട്ട, അടൂര്‍, പന്തളം നഗരസഭകളിലെ തൊഴില്‍ രഹിതരായ യുവജനങ്ങള്‍ക്ക് തൊഴിലവസരം സൃഷ്ടിക്കുന്നതിന് തിരുവല്ല നഗരസഭയിലെ കുടുംബശ്രീ ദേശീയ നഗര ഉപജീവന ദൗത്യം പദ്ധതിയുടെ ഭാഗമായി സിറ്റി മിഷന്‍ മാനേജ്മെന്റ് യൂണിറ്റാണ് ജില്ലാതല മെഗാ ജോബ് ഫെയര്‍ സംഘടിപ്പിച്ചത്. രജിസ്ട്രേഷന് സഹായിച്ച എസ്ബി കോളേജ് എംഎസ്ഡബ്ലു വിദ്യാര്‍ഥികള്‍ക്ക് മന്ത്രി സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു.