നെടുമങ്ങാട് ബ്ലോക്കിന്റെ വനിതാ ഫിറ്റ്നസ് സെന്റർ മന്ത്രി ഉദ്ഘാടനം ചെയ്തു
നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെ അഭിമുഖ്യത്തിൽ നിർമ്മിച്ച ‘അവൾക്കൊപ്പം ജീവനി’- വനിതാ ഫിറ്റ്നസ് സെന്ററിൻ്റെ ഉദ്ഘാടനം ആരോഗ്യ -വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണ ജോർജ് നിർവഹിച്ചു. സ്ത്രീകളുടെ ആരോഗ്യ സംരക്ഷണത്തിനുള്ള ഇത്തരം പദ്ധതികൾ ഏറെ പ്രശംസ അർഹിക്കുന്നവയാണെന്ന് മന്ത്രി പറഞ്ഞു. ജീവിതശൈലി രോഗങ്ങൾ ഒരു പരിധി വരെ തടയാൻ കൃത്യമായ വ്യായമത്തിലൂടെ സാധിക്കുമെന്നും ഇത്തരം സംരംഭങ്ങൾ വനിതകൾക്ക് കൃത്യമായ വ്യായാമം ഉറപ്പുവരുത്താൻ സഹായകമാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ജി. സ്റ്റീഫൻ എംഎൽഎ ഫിറ്റ്നസ് സെന്റർ അനാച്ഛാദനം ചെയ്തു.
നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 16 ലക്ഷം രൂപ ചെലവഴിച്ചാണ് അരുവിക്കര കുടുംബാരോഗ്യ കേന്ദ്രത്തിൽ ‘അവൾക്കൊപ്പം ജീവനി’- വനിതാ ആരോഗ്യ പരിപാലന കേന്ദ്രം നിർമ്മിച്ചത്. സ്ത്രീകളിലെ ജീവിതശൈലി രോഗനിയന്ത്രണവും ആരോഗ്യ സംരക്ഷണവും മുൻനിർത്തിയാണ് ഫിറ്റ്നസ് സെന്റർ ആരംഭിച്ചത്. ഗ്രാമീണ മേഖലയിലെ സ്തീകൾക്ക് കുറഞ്ഞ ചെലവിൽ സ്വകാര്യ ഫിറ്റ്നസ് കേന്ദ്രങ്ങളിൽ ഉള്ള അതേ സൗകര്യങ്ങൾ ഉപയോഗപ്പെടുത്താൻ സാധിക്കുമെന്നതാണ് പദ്ധതിയുടെ സവിശേഷത. സ്റ്റാറ്റിക് ബൈക്ക്, ട്രഡ് മിൽ, സ്മിത്ത് മെഷീൻ, ബെഞ്ച് പ്രസ്സ് തുടങ്ങിയ നൂതന വ്യായാമ ഉപകരണങ്ങൾ ഇവിടെ സജ്ജീക്കരിച്ചിട്ടുണ്ട്. കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ ഒരു ലക്ഷം രൂപയുടെ ഉപകരണങ്ങൾ സംഭാവന ചെയ്തു.
ജി. സ്റ്റീഫൻ എംഎൽഎ അധ്യക്ഷനായിരുന്ന ചടങ്ങിൽ നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. അമ്പിളി, അരുവിക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കളത്തറ മധു, ജില്ലാ പഞ്ചായത്ത് അംഗം വെള്ളനാട് ശശി,വിവിധ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷന്മാർ, ത്രിതല പഞ്ചായത്ത് അംഗങ്ങൾ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവരും പങ്കെടുത്തു.